രാജ്ഘട്ടിൽ പ്രാർഥന നടത്തി പ്രതിപക്ഷ എം.പിമാർ; പ്രക്ഷോഭത്തീയിൽ ഡൽഹി

ഡൽഹി: ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിവസവും പ്രക്ഷോഭത്തീയിൽ ഡൽഹി. പ്രതിഷേധങ്ങളുടെ ഭാഗമായി ഉച്ചക്കുശേഷം പ്രതിപക്ഷ എം.പിമാരും കോൺഗ്രസ് പ്രവർത്തകരും രാജ്ഘട്ടിൽ പ്രാർഥന നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം, രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിൽ പ്രാർഥന നടത്താനാണ് എം.പിമാർ ഉൾപ്പെ​ടെയുള്ളവർ എത്തിയത്.

എന്നാൽ, പൊലീസും സുരക്ഷാ സേനയും എം.പിമാരെയും തടഞ്ഞുവെച്ചെങ്കിലും വൈകീട്ട് അഞ്ചിനും ശേഷം രാജ്ഘട്ടിൽ പോകാൻ അനുമതി നൽകി. സാധാരണ ഗതിയിൽ വൈകീട്ട് ആറു വരെയാണ് രാജ്ഘട്ടിൽ സന്ദർ​ശനത്തിന് അനുമതിയുള്ളത്. മൂക്കാൽ മണിക്കൂറിനു ശേഷം എം.പിമാർ ഗാന്ധി സമാധിയിൽ നിന്ന് തിരിച്ചിറങ്ങി. കോൺ​ഗ്രസ് പ്രവർത്തകരും രാജ്ഘട്ടിലേക്ക് ഒഴുകി​യെത്തിയിരുന്നു.

ബി.ജെ.പി സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും നല്ല ബുദ്ധി തോന്നാൻ ഗാന്ധി സമാധിയിൽ പ്രാർഥന നടത്തുമെന്നായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം. തങ്ങളുടെ നടപടികൾ രാജ്യതാൽപര്യത്തിന് നിരക്കാത്തതാണെന്ന് നരേന്ദ്ര മോദിയും അമിത് ഷായും തിരിച്ചറിയാൻ പ്രാർഥിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് കമീഷന് മുന്നിലും ജന്തർ മന്തറിലും പ്രതിഷേധിക്കുന്നതിൽ നിന്ന് മൂന്നൂറോളം എം.പിമാരെ തടഞ്ഞതായും ചിലർ ആക്രമിക്കപ്പെട്ടതായും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) ഇൻഡ്യ മുന്നണിയിലെ എം.പിമാർ നടത്തുന്ന പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുർജാർ രംഗത്തെത്തി. വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്ത് അജാരകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോപിച്ചു.

‘എസ്.ഐ.ആർ വിഷയവുമായി ബന്ധപ്പെട്ട് വിഷയം ഇതിനോടകം തന്നെ സുപ്രീംകോടതിയുടെ മുമ്പിലെത്തുകയും കോടതി വിധി പ്രസ്താവിക്കുകയും ചെയ്ത ഒന്നാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇപ്പോൾ ഈ കേസിൽ സുപ്രീം കോടതിയിൽ വീണ്ടും വാദം കേൾക്കൽ പുരോഗമിക്കുകയാണ്. അതിനാൽ എന്തുകൊണ്ട് കാത്തിരുന്നുകൂടാ? അവർക്ക് സുപ്രീം കോടതിയിൽ വിശ്വാസമില്ലേ?... ഈ രാജ്യത്ത് അരാജക അന്തരീക്ഷം സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ജനാധിപത്യ മാർഗങ്ങളിലൂടെ രാജ്യത്തെ ജനങ്ങൾ തങ്ങൾക്ക് അധികാരം നൽകില്ലെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് നന്നായി അറിയാം, കാരണം അവർക്ക് ഈ നാട്ടിലെ ജനങ്ങളിൽ വിശ്വാസമില്ല, ജനങ്ങൾക്ക് അവരിലും വിശ്വാസമില്ല.’ -കൃഷൻ പാൽ ഗുർജാർ പറഞ്ഞു. 

അതിനിടെ, ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ 42 മുൻ ജഡ്ജിമാർ മുന്നറിയിപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.