‘ഞാൻ വോട്ട് ചോർ എന്ന് പറയും, നിങ്ങൾ ഗദ്ദി ഛോഡ് പറയൂ’; ബംഗളൂരു ഇളക്കിമറിച്ച് ധ്രുവ് റാഠി

ബംഗളൂരു: വോട്ടർ പട്ടികയിലെ കൂട്ടവെട്ടലിനെതിരെ ബംഗളൂരുവിൽ നടത്തിയ വൻ പ്രതിഷേധത്തിൽ ജനക്കൂട്ടത്തെ ഇളക്കി മറിച്ച് ധ്രുവ് റാഠി. തന്റെ ജീവിതത്തിലെ ആദ്യ പ്രതിഷേധ സമരമാണിതെന്ന് വ്യക്തമാക്കിയ ധ്രുവ് റാഠി, നരേന്ദ്ര മോദിയോട് തനിക്ക് മാത്രമല്ല രാജ്യം മുഴുവം എതിർപ്പുണ്ടെന്ന് തുറന്നടിച്ചു.

ബംഗളൂരു ഫ്രീഡം പാർക്കിൽ വോട്ടർ പട്ടികയിലെ കൂട്ടവെട്ടലിനും തീവ്രപരിഷ്‍കരണത്തിനും (എസ്.ഐ.ആർ) എതിരെ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ധ്രുവ് റാഠിയും കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയും പ്രകാശ് രാജും മോദിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനം അഴിച്ചുവിട്ടത്.

വന്ദേ മാതരം, ഭാരത് മാതാ കീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ധ്രുവ് പ്രസംഗം തുടങ്ങിയത്. തുടർന്ന് താൻ ‘വോട്ട് ചോർ’ (വോട്ടുകള്ളൻ) എന്ന് പറയുമ്പോൾ നിങ്ങൾ ‘ഗദ്ദി ഛോഡ്’ (കസേര വിടൂ) എന്ന് പറയണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ജനക്കൂട്ടം ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്തു.


‘പ്രകാശ് രാജ് സാർ എന്നെ ഇവിടേക്ക് ക്ഷണിച്ചു. ഇവിടെ കർണാടകയിലെ സിവില്‍ സൊസൈറ്റിയോട് ഞാൻ ഏറെ നന്ദി പറയാൻ ആഗ്രഹിക്കുന്നു. കാരണം എസ്.ഐ.ആറിന്റെ യഥാർഥ പ്രശ്നം തെളിവ് സഹിതം ഇവിടെ അവതരിപ്പിച്ചു. കഴിഞ്ഞ 10 ദിവസങ്ങളിൽ ഇവരുടെ സംഘടന, കർണാടകയിലെ എല്ലാ സിവില്‍ സൊസൈറ്റികളും ജില്ലകൾ തോറും പോയി ആരുടെയൊക്കെ പേരുകളാണോ വെട്ടിയത്, അവരെ കണ്ടുമുട്ടി. ആരെയാണോ മരിച്ചതായി പ്രഖ്യാപിച്ചത്, ആ ആളുകൾ നിങ്ങളുടെ മുന്നിൽ നിൽക്കുകയായിരുന്നു, നിങ്ങൾ അവരെ കാണുകയായിരുന്നു.

അതുകൊണ്ടാണ് ഞാൻ ‘വോട്ട് ചോർ ഗദ്ദി ഛോഡ്’ എന്നുപറയുന്നത്. അതുകൊണ്ടാണ് ഗ്യാനേഷ് കുമാർ രാജി വെച്ചേ തീരൂ എന്ന് ഞങ്ങൾ പറയുന്നത്.  ഒരിക്കൽക്കൂടി ഒരു കാര്യം ഊന്നൽ നൽകി പറയുന്നു, ഇത് ഏതെങ്കിലും പാർട്ടിയുടെ പരിപാടിയല്ല. ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. നിങ്ങൾ ഏത് പാർട്ടിക്ക് വോട്ട് ചെയ്യുന്ന ആളായാലും, നിങ്ങൾ ഒരു ബി.ജെ.പി വോട്ടർ തന്നെയാണെങ്കിൽ പോലും, ഈ വിഷയം നിങ്ങളെയും ബാധിക്കുന്ന ഒന്നാണ്. രാജ്യത്തെ ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ഈ വിഷയത്തെ പിന്തുണയ്ക്കണം. നിങ്ങളും ഈ പ്രതിഷേധത്തിലേക്ക് തീർച്ചയായും വരണം.

അതുകൊണ്ട് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, ഇവിടെ എത്തിയ നിങ്ങളെക്കാൾ വലിയ രാജ്യസ്നേഹികൾ വേറെയാരുമില്ല. ഗ്യാനേഷ് കുമാർ എന്ന ദ്രോഹിയെ ഇപ്പോഴും ആരെങ്കിലും സംരക്ഷിക്കുന്നുണ്ടോ, അവരെക്കാൾ വലിയ രാജ്യദ്രോഹികൾ വേറെയാരുമില്ല. വന്ദേ മാതരം, ഭാരത് മാതാ കീ’ -അദ്ദേഹം പറഞ്ഞു. തുടർന്ന് വോട്ട് ചോർ എന്ന മുദ്രാവാക്യം പലവട്ടം ധ്രുവ് റാഠി വിളിച്ചുകൊടുത്തപ്പോൾ സദസ്സ് ‘ഗദ്ദി ഛോഡ്’ എന്ന് ആവേശത്തോടെ തിരിച്ചുവിളിച്ചു.

രാജ്യവ്യാപകമായി കരട് ഘട്ടത്തിൽ 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന് ആരോപിച്ച പ്രതിഷേധക്കാർ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജനകീയ ട്രിബ്യൂണൽ സംഘടിപ്പിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത ട്രിബ്യൂണലിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെക്കുറിച്ചുള്ള ആശങ്കകൾ നിരവധി പേർ ഉന്നയിച്ചു. ട്രിബ്യൂണലിന് ശേഷം പ്രതിഷേധക്കാർ ചെരുപ്പ് പ്രതിഷേധവും നടത്തി.

"ഇതെന്റെ ആദ്യത്തെ സമരമാണ്. ഇന്നലെ ബംഗളൂരുവിൽ വിമാനമിറങ്ങിയപ്പോൾ, ധ്രുവ് റാഠി ഭരണം മാറ്റാൻ വരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നത് കണ്ടു. നരേന്ദ്ര മോദി വിചാരിക്കുന്നുണ്ടാകും തനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ പ്രശ്നമുണ്ടെന്ന്; എന്നാൽ ഈ രാജ്യത്തിന് മുഴുവൻ അദ്ദേഹത്തോട് പ്രശ്നമുണ്ട്’ -ധ്രുവ് റാഠി വ്യക്തമാക്കി.

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 70 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ നീക്കം ചെയ്തുവെന്ന് ചോദ്യം ചെയ്ത റാഠി, ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും മാത്രമേ മറുപടി നൽകാൻ സാധിക്കൂ എന്ന് കൂട്ടിച്ചേർത്തു. വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന് ബി.ജെ.പി വോട്ടർമാരോടും പറയാൻ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ വോട്ട് ചോരണ ആരോപണങ്ങളിൽ ബി.ജെ.പി അനുഭാവികൾക്ക് വിശ്വസനീയത തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ 40 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തപ്പോൾ സുപ്രീം കോടതി ഇടപെട്ട് പട്ടിക പരസ്യപ്പെടുത്താൻ ആവശ്യപ്പെടുന്നത് വരെ ഗ്യാനേഷ് കുമാർ ഒരക്ഷരം മിണ്ടിയില്ല. ഉത്തർപ്രദേശിൽ പെട്ടെന്ന് 14 ലക്ഷം പേരുകൾ കൂട്ടിച്ചേർത്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവർ ആരാണെന്ന് ചോദ്യമുയർത്തി. ഗോവയിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ പേരുകൾ കൂട്ടിച്ചേർക്കാൻ ആഗ്രഹിച്ചിട്ടും ഇ.സി.ഐ അനുവദിച്ചില്ല. കർണാടകയിലെ 100 പോളിംഗ് സ്റ്റേഷനുകളിലെ ക്രമക്കേടുകൾ കേന്ദ്രീകരിച്ച് തയാറാക്കിയ എസ്.ഐ.ആർ സംബന്ധിച്ച പ്രത്യേക റിപ്പോർട്ടും ധ്രുവ് റാഠി ചടങ്ങിൽ പുറത്തുവിട്ടു.

ജനാധിപത്യത്തിന്റെ കൊലപാതകം: അഭിജീത് ദീപ്കെ

പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, എസ്.ഐ.ആർ നടപടികൾ ആർ.എസ്.എസിന്റെയും ഗോഡ്സെയുടെയും പ്രത്യയശാസ്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ആരോപിച്ചു. ‘നരേന്ദ്ര മോദി വോട്ട് ചോരണം നടത്തി വിജയിച്ചു. ജീവിച്ചിരിക്കുന്നവരെ മരിച്ചതായി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി നടത്തുന്നത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. എസ്.ഐ.ആറിലൂടെ ആളുകളുടെ മേൽ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇത് ആർ.എസ്.എസിന്റെയും ഗോഡ്സെയുടെയും പ്രത്യയശാസ്ത്രമാണ്’ -ദീപ്കെ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ നട്ടെല്ല് നെഹ്റുവാണെന്നും വോട്ടിംഗിനെക്കുറിച്ച് അറിവില്ലാതിരുന്ന ജനങ്ങൾക്ക് അദ്ദേഹം വോട്ടവകാശം നൽകിയെന്നും, എന്നാൽ ഈ വിശ്വഗുരു വോട്ട് ചോരണം നടത്തുകയാണെന്നും ദീപ്കെ വിമർശിച്ചു. ‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമാണ്. ഒറ്റ രാജ്യം, ഒറ്റ പാർട്ടി എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. ഇത് ഹിറ്റ്‌ലറുടെ ലക്ഷ്യത്തിന് സമാനമാണ്. 400 സീറ്റ് അവകാശവാദത്തിന് ശേഷം തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ ഞെട്ടിച്ചതിനാലാണ് ഇത്തരത്തിൽ വോട്ട് ചോരണം നടത്തുന്നത്. 2024-ൽ ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം കേവലം 2 ശതമാനം മാത്രമായിരുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ദീപ്കെ വ്യക്തമാക്കി. ‘എസ.ഐ.ആർ കരട് പട്ടികയിൽ തന്നെ തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് 13 കോടി പേരുകൾ വെട്ടിമാറ്റി ബി.ജെ.പി തങ്ങളുടെ വിജയം ഉറപ്പിച്ചു. മമത ബാനർജി, അരവിന്ദ് കേജ്രിവാൾ, സ്റ്റാലിൻ, പിണറായി വിജയൻ തുടങ്ങി മോദിക്കെതിരെ നിന്നവരെല്ലാം ഇത്തവണ തോറ്റു. യുവാക്കളായ ഞങ്ങളെ അവർ പാറ്റകൾ എന്ന് വിളിക്കുന്നു, കാരണം ഞങ്ങൾ ഒരു പാറ്റയെപ്പോലെ ജീവിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ പാറ്റയെപ്പോലെ അതിജീവനശേഷിയുള്ളവരായി മാറാൻ നമുക്ക് സാധിക്കണം. തെരുവുകൾ യുവാക്കളുടേതാണ്, രാജ്യത്തെയും ജനാധിപത്യത്തെയും ഞങ്ങൾ വീണ്ടെടുക്കും. മോദിയുടെ ഏകാധിപത്യം അടിച്ചേൽപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല’ -അദ്ദേഹം പ്രഖ്യാപിച്ചു.

സി.ഇ.സി രാജിവെക്കും വരെ തെരുവിലിറങ്ങി പോരാടുമെന്ന് വ്യക്തമാക്കിയ ദീപ്കെ ‘വൺ ടു ത്രീ ഫോർ, നരേന്ദ്ര മോദി വോട്ട് ചോർ’ എന്ന മുദ്രാവാക്യം പ്രതിഷേധക്കാർക്കൊപ്പം മുഴക്കി. തുടർന്ന് സി.ജെ.പി കൺവീനർ സൗരവ് ദാസ് ബംഗളൂരുവിലെ പ്രതിഷേധത്തിന്റെ ചിത്രം എക്സിൽ പങ്കുവെച്ചുകൊണ്ട്, ‘ബംഗളൂരു തെരുവിലിറങ്ങി, ഗ്യാനു, ഇത് തീർന്നു ​ബ്രോ!’ എന്ന് കുറിച്ചു.



Tags:    
News Summary - Dhruv Rathee, Abhijeet Dipke, Prakash Raj Participate in Anti-SIR Protest in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.