അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റു; വാങ്ങിയവരടക്കം നാലു സ്ത്രീകൾ അറസ്റ്റിൽ

മുംബൈ: അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തിൽ നാലു സ്ത്രീകളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു സ്ത്രീകൾ ചേർന്ന് മഹാരാഷ്ട്രയിലെ ഭാണ്ഡൂപ്പിൽനിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് താനെയിലെത്തിച്ച് രണ്ട് സ്ത്രീകൾക്ക് വിൽക്കുകയായിരുന്നു. ഒരു ലക്ഷം രൂപക്കായിരുന്നു വിൽപന. പെൺകുട്ടിയെ വാങ്ങിയ സ്ത്രീകൾ രാജസ്ഥാനിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം വീടിന് പുറത്ത് ഹോളി ആഘോഷിക്കുകയായിരുന്നു അഞ്ച് വയസുകാരിയെ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് അയൽവാസിയായ ഖുശ്ബു ഗുപ്ത (19) എന്ന യുവതി കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്ത് തന്നെ താമസിക്കുന്ന തന്‍റെ സുഹൃത്ത് മൈന ദിലോഡിനെ (39) വിളിച്ചു. ഇരുവരും കുട്ടിയെ ഓട്ടോറിക്ഷയിൽ താനെയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അന്ന് രാത്രി ഇരുവരും താനെയിലെ പായൽ ഷാ, ദിവ്യ സിങ് എന്നിവർക്ക് കുട്ടിയെ കൈമാറുകയും ചെയ്തു.

ഇതേസമയം, കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു. ഖുശ്ബുവിനൊപ്പം കുട്ടിയെ കണ്ടതായി ഒരു പ്രദേശവാസി അറിയിച്ചതാണ് വഴിത്തിരിവായത്. മാതാപിതാക്കൾ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പൊലീസ് ഖുശ്ബുവിന്‍റെ ഫോണിന്‍റെ ലൊക്കേഷൻ പരിശോധിക്കുകയും തുടർന്ന് പിടികൂടുകയുമായിരുന്നു.

ബാറിൽ ഗായകരായി ജോലി ചെയ്യുന്ന പായലും ദിവ്യയും താനെയിലെ അപാർട്മെന്‍റിൽ ഒരുമിച്ചാണ് താമസിക്കുന്നത്. ഒരു കുട്ടിയെ വളർത്താൻ ആഗ്രഹിച്ചാണ് ഇരുവരും തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Four women arrested for kidnapping and trafficking 5-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.