പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഒഡീഷയിൽ രാത്രി ഉറങ്ങാൻ കിടന്ന വയോധികന്‍ വിഷപാമ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമവാസിയായ കൃഷ്ണചന്ദ്ര സാഹു എന്ന വയോധികനാണ് രാത്രി മുഴുവൻ മരണത്തെ മുഖാമുഖം കണ്ടത്. പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി തളർന്ന അവസ്ഥയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത് .
കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം കിടന്നിരുന്ന മുറിയുടെ ജനൽ തുറന്നുകിടന്നിരുന്നു. ഇതിലൂടെയായിരിക്കാം പാമ്പ് വീടിനുള്ളിലേക്ക് കയറിയത്. ഉറക്കത്തിനിടയിൽ എന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതായി സാഹുവിന് മനസ്സിലായി. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പെട്ടെന്ന് എഴുന്നേറ്റ് മാറാനോ പ്രതികരിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഭയന്നുപോയ അദ്ദേഹം ചെറുതായി ഒന്ന് മാറിക്കിടക്കാൻ ശ്രമിച്ചതോടെ പാമ്പ് പെട്ടെന്ന് അദ്ദേഹത്തിന്റെ ഒരു കൈയിലും കട്ടിലിനടുത്തിരുന്ന കസേരയിലുമായി ചുറ്റിപ്പിണഞ്ഞു കിടന്നു. ചെറിയൊരു ചലനം ഉണ്ടായാൽ പോലും പാമ്പ് കൊത്തുമെന്ന ഭയത്താൽ പൂർണ്ണമായും നിശ്ചലനായി നാല് മണിക്കൂറോളമാണ് സാഹു കിടന്നത്.
പുലർച്ചെയോടെ വീട്ടുകാർ മുറിയിലേക്കെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഒടുവിൽ സാഹുവിനെ അവർ പാമ്പിന്‍റെ പിടിയിൽ നിന്നും മോചിപ്പിച്ചു. നിലവിൽ സാഹുവിന് പ്രശ്നങ്ങളൊന്നുമില്ലയെങ്കിലും അനുഭവിച്ച വലിയ മാനസിക ആഘാതത്തിൽ നിന്നും അദ്ദേഹം ഇനിയും പൂർണ്ണമായി മുക്തനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.