താജ്മഹലിൽ കാവിക്കൊടി വീശി ഹിന്ദു ജാഗരൺ മഞ്ച്; നാല് പേർ അറസ്റ്റിൽ

ആഗ്ര: ചരിത്ര സ്മാരകമായ താജ്മഹലിൽ കാവിക്കൊടി വീശി ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. നാല് പേരെ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറി. തിങ്കളാഴ്ചയായിരുന്നു സംഭവം. താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന അവകാശവാദം ബി.ജെ.പി നേതാക്കൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ കാവിക്കൊടി വീശിയത്. ആർ.എസ്.എസുമായി അടുത്തുനിൽക്കുന്ന സംഘടനയാണിത്.

ഒരുകൂട്ടമാളുകൾ താജ്മഹലിന് മുന്നിൽ നിന്ന് കാവിക്കൊടി വീശുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്. ഹിന്ദു ജാഗരൺ മഞ്ച് ജില്ല പ്രസിഡന്‍റ് ഗൗരവ് താക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു കൊടി വീശിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.


കഴിഞ്ഞ ഒക്ടോബറിൽ വിജയദശമി ദിനത്തിലും ഗൗരവ് താക്കൂറിന്‍റെ നേതൃത്വത്തിൽ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ താജ്മഹലിൽ അതിക്രമിച്ച് കയറി കൊടി ഉയർത്തിയിരുന്നു. താജ്​മഹൽ യഥാർഥത്തിൽ തേജോമഹാലയ എന്ന ശിവക്ഷേത്രമാണെന്നും സ്​മാരകം ഹിന്ദുക്കൾക്ക് കൈമാറാൻ സർക്കാർ സമ്മതിക്കുന്നതുവരെ പോരാട്ടം തുടരുമെന്നുമാണ് അന്ന് ഗൗരവ് താക്കൂർ പറഞ്ഞത്.

കഴിഞ്ഞ ജൂലൈയിൽ ബി.ജെ.പി നേതാവ് കപിൽ മിശ്രയും സമാന വാദം ഉയർത്തിയിരുന്നു. ശാസ്​ത്രീയ തെളിവുകൾ താജ്​മഹൽ ഹിന്ദു വേദിക്​ ക്ഷേത്രമാണെന്ന്​ പറയുന്നതായാണ് കപിൽ മിശ്ര അവകാശപ്പെട്ടത്. താജ്​മഹലി​​ന്‍റെ യഥാർഥ പേര്​ തേജോ മഹാലയ എന്നാണ്​. കഴിഞ്ഞ 300 വർഷമായി താജ്​ മഹൽ ഷാജഹാൻ നിർമിച്ചതാണെന്ന രീതിയിൽ കബളിപ്പിക്കപ്പെടുകയാണെന്നും കപിൽ മിശ്ര പറഞ്ഞിരുന്നു. താജ്​മഹൽ ഹിന്ദുക്ഷേത്രമാണെന്ന്​ സ്ഥാപിക്കുന്ന രീതിയിലുള്ള ചിത്രവും കപിൽ മിശ്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 

താജ്മഹലിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ചിലർ നടത്തുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.