പ്രയാഗ് രാജ്: ശോഭയാത്രകണ്ടശേഷം രാത്രി വൈകി ബൈക്കിൽ മടങ്ങുകയായിരുന്ന നാല് സുഹൃത്തുക്കൾ റോഡപകടത്തിൽ മരിച്ചു. നഗരത്തിലെ ശിവ്കുടി പ്രദേശത്തെ കേന്ദ്രീയ വിദ്യാലയത്തിന് മുന്നിലുള്ള തൂണിൽ നാലുപേർ സഞ്ചരിച്ച ബൈക്കിടിച്ചു കയറുകയായിരുന്നു. ഇടിയിൽ റോഡിലേക്ക് തെറിച്ചു വീണ യാത്രക്കാരെ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്.
ശിവ്കുടി പ്രദേശത്തെ മസാർ തിരഹക്ക് സമീപമായിരുന്നു പുലർച്ചെ അപകടം നടന്നത്. കട്റയിലെ രാവണ ശോഭായാത്ര കണ്ട് ഒരു ബൈക്കിൽ മടങ്ങുകയായിരുന്ന നാല് സുഹൃത്തുക്കളാണ് മരിച്ചത്. കേന്ദ്രീയ വിദ്യാലയം തെലിയാർഗഞ്ചിന് സമീപം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് തൂണിലിടിക്കുകയായിരുന്നു. റോഡിൽ വീണവർക്ക് മുകളിലൂടെ അജ്ഞാത വാഹനം കയറിയിറങ്ങുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. പ്രദേശത്തെ സംഘർഷാവസ്ഥയെ തുടർന്ന് പൊലീസെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.
മൗഐമ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഷാരയിൽ താമസിക്കുന്ന അശുതോഷ് ഗൗതം (22), തെലിയാർഗഞ്ച് നിവാസിയായ ആദർശ് (15), തെലിയാർഗഞ്ച് അംബേദ്കർ പാർക്കിൽ താമസിക്കുന്ന ഷാനി ഗൗതം (16), കാർത്തികേയ (20) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വാഹനാപകടത്തിൽ മരിച്ചത്. ഓടിക്കൂടിയ ജനക്കൂട്ടം പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അശുതോഷ്, ആദർശ്, ഷാനി എന്നിവർ മരിച്ചിരുന്നു. ചികിത്സക്കിടെ കാർത്തികേയയും മരിച്ചു. പരിക്കേറ്റ് റോഡിൽ വീണവരെ ഇടിച്ചിട്ട് കടന്ന വാഹനത്തിനായി പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.