ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ഉഡുപ്പി അമ്പൽപാടിക്കടുത്ത ബ്രഹ്മഗിരിയിലെ ഡോറിസ് റസ്റ്റ് ഹെവനിൽ ഓസ്കർ ഫെർണാണ്ടസ് (80) അന്തരിച്ചു. ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ മംഗളൂരു യേനെപോയ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 17ന് രാവിലെ മംഗളൂരു അത്താവരയിലെ ഫ്ലാറ്റിൽ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
വീണപ്പോൾ പരിക്ക് സാരമായി തോന്നാതിരുന്നതിനാൽ ഓസ്കർ ഫെർണാണ്ടസ് ആദ്യം ചികിത്സ തേടിയിരുന്നില്ല. വൃക്ക രോഗത്തെ തുടർന്നു ഡയാലിസിസ് ചെയ്തിരുന്നതിനാൽ അന്ന് വൈകീട്ട് ഡയാലിസിസ് ചെയ്തതിനു പിന്നാലെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു പരിശോധിച്ചപ്പോഴാണു രാവിലത്തെ വീഴ്ചയിൽ ഇടിച്ച് തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം വെന്‍റിലേറ്ററിൽ കഴിഞ്ഞ ശേഷം ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ നില വീണ്ടും വഷളാവുകയായിരുന്നു.
മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൽ സഹമന്ത്രിയായും കാബിനറ്റ് മന്ത്രിയായും ഒസ്കർ ഫെർണാണ്ടസ് പ്രവർത്തിച്ചിട്ടുണ്ട്. ഗതാഗതം, ദേശീയപാത, തൊഴിൽ, സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗ്രാം ഇംപ്ലിമെേന്റഷൻ, ഓവർസീസ് ഇന്ത്യൻ അഫയേർസ്, യുവജനകാര്യം, സ്പോർട്സ് തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 17 വർഷം ലോക്സഭാംഗമായി. 23 വർഷമായി രാജ്യസഭാംഗമാണ്. 1980ൽ ഉഡുപ്പിയിൽ നിന്ന് ഏഴാം ലോക്സഭയിലേക്ക് കന്നിവിജയം നേടിയ ഓസ്കർ 1984,1989,1991,1996 തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. 2004 മുതൽ 2009 വരെയാണ് കേന്ദ്ര മന്ത്രിയായത്.
രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയപ്പോൾ അദ്ദേഹത്തിന്‍റെ പാർലമെന്‍ററി സെക്രട്ടറി ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് എ.ഐ.സി.സി ജോയിന്‍റ് സെക്രട്ടറിയായിരുന്നു. രണ്ട് തവണ കർണാടക പി.സി.സി പ്രസിഡന്‍റ്, 1985ലും 1996 മുതൽ മരണം വരെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. വിവിധ പാർലമെന്റ്സമിതികളുടെ അധ്യക്ഷനായും അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1941 മാർച്ച് 27ന് ഉഡുപ്പിയിലെ പ്രമുഖ ക്രൈസ്തവ കുടുംബത്തിൽ റൊക്വെ ഫെർണാണ്ടസിന്‍റെയും ലിയോനിസ ഫെർണാണ്ടസിന്‍റെയും മകനായാണ് ഓസ്കർ ജനിച്ചത്. എൽ.ഐ.സിയിൽ ക്ലർക്ക് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഉഡുപ്പി നഗരസഭാംഗമായാണു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടക്കം. യങ് ഇന്ത്യൻ, നാഷനൽ ഹെറാൾഡ് പത്രത്തിന്‍റെ മാതൃസ്ഥാപനമായ ദി അസോസിയേറ്റ് ജേണൽസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടറായിരുന്നു. രണ്ട് തവണ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കൗൺസിൽ അംഗമായി. 2010ൽ മംഗളൂരു സർവകലാശാല ഓണററി ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ: ബ്ലോസം ഫെർണാണ്ടസ്. മക്കൾ: ഓഷൻ, ഒഷാനി. മരുമക്കൾ: പ്രസിൽ ക്വാഡ്രസ്, മാർക് സൽദാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.