നാവിക സേന മുൻ മേധാവി അഡ്മിറൽ രാംദാസ് അന്തരിച്ചു

ഹൈദരാബാദ്: നാവികസേന മുൻ മേധാവി അഡ്മിറൽ (റിട്ട.) എൽ. രാംദാസ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. ലളിത രാംദാസാണ് ഭാര്യ. മൂന്ന് പെൺമക്കളുമുണ്ട്.

സംസ്കാരം മാർച്ച് 16ന് ഹൈദരാബാദിൽ നടക്കും. 1990 ലാണ് ലക്ഷ്മിനാരായണ രാംദാസ് എന്ന അഡ്മിറൽ രാംദാസ് 13ാമത്തെ നാവികസേന മേധാവിയായി ചുമതലയേറ്റത്. 1993ൽ വിരമിച്ചു. മഹാരാഷ്ട്രയിലെ അലിബാഗ് ഭൈമല ഗ്രാമത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1933 സെപ്റ്റംബർ അഞ്ചിന് മുംബൈയിലെ മാട്ടുംഗയിൽ ജനിച്ച അദ്ദേഹം ഡൽഹിയിലെ പ്രസന്റേഷൻ കോൺവെൻറിലും രാംജാസ് കോളജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1949ൽ ഡെറാഡൂണിലെ ക്ലെമൻറ് ടൗണിലുള്ള ആംഡ് ഫോഴ്‌സ് അക്കാദമിയുടെ ജോയൻറ് സർവിസസ് വിങ്ങിൽ ചേർന്ന അദ്ദേഹം 1953 സെപ്റ്റംബറിൽ ഇന്ത്യൻ നേവിയുടെ ഓഫിസറായി ചുമതലയേറ്റു. കമ്യൂണിക്കേഷൻസ് സ്പെഷലിസ്റ്റായാണ് പരിശീലനം നേടിയത്.

കൊച്ചിയിൽ നാവിക അക്കാദമി സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഐ.എൻ.എസ് ബിയാസ് യുദ്ധക്കപ്പലിന്റെ കമാൻഡർ, 1973-76 കാലത്ത് പശ്ചിമ ജർമനിയിലെ ബോണിൽ ഇന്ത്യൻ നേവൽ അറ്റാഷെ, കിഴക്കൻ നേവൽ കമാൻഡിന്റെ യുദ്ധക്കപ്പൽ കമാൻഡർ എന്നീ നിലകളിലും പ്രവർത്തിച്ചു. രാംദാസ് നാവികസേന മേധാവിയായിരിക്കെയാണ് വനിതകളെ സായുധസേനയിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്.

Tags:    
News Summary - former Indian Navy chief Admiral Laxminarayan Ramdas passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.