ന്യൂഡൽഹി: വിധിന്യായത്തിലടക്കം വർഗീയവും ജാതിപരവുമായി നിലപാട് സ്വീകരിക്കുന്ന മദ്രാസ് ഹൈകോടതി മധുര ബെഞ്ചിലെ ജഡ്ജി ജി.ആർ. സ്വാമിനാഥനെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ പാർലമെന്റ് അംഗങ്ങളുടെ പരാതി. മധുരയിലെ തിരുപ്പറകുൺറത്ത് വർഗീയ ധ്രുവീകരണത്തിന് അവസരം നൽകി ദർഗക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയത് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച പാർലമെന്റിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെതിരെ ഇംപീച്ച്മെന്റ് പ്രമേയ അവതരണത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിൽ ഉന്നയിച്ച ആരോപണങ്ങളാണ് രാഷ്ട്രപതിക്ക് പരാതി ആയി നൽകിയിട്ടുള്ളത്.
ബ്രാഹ്മണരായ അഭിഭാഷകർക്കും വലതുപക്ഷ ആശയധാരയുള്ള അഭിഭാഷകർക്കും മാത്രമാണ് ജസ്റ്റിസ് ഇ.ആർ. സ്വാമിനാഥാൻ തന്റെ ബെഞ്ചിന് മുമ്പാകെ വരുന്ന കേസുകൾ പരിഗണിക്കുന്ന പട്ടികയിൽ മുൻഗണന നൽകുന്നതെന്നാണ് പ്രധാന ആരോപണം. ബ്രാഹ്മണനായ മുതിർന്ന അഭിഭാഷകൻ എം. ശ്രീചരൺ രംഗരാജന് 2024 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ നൽകിയ പ്രത്യേക പരിഗണനയും പരാതിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആറ് അമിക്കസ് ക്യൂറിമാരെ നിയമിച്ചതിൽ ഉൾപ്പെട്ട എല്ലാ അഭിഭാഷകരും ബ്രാഹ്മണ സമുദായത്തിൽനിന്നുള്ളവരുമായിരുന്നു. ബി.ജെ.പി ബന്ധമുള്ള വ്യക്തികളുടെ കേസുകളിൽ അസാധാരണ വേഗത്തിലാണ് വിധി പുറപ്പെടുവിക്കുന്നത്. 2021 ഡിസംബറിൽ ബി.ജെ.പി അനുകൂല സമൂഹ മാധ്യമ ഇൻഫ്ലുവൻസറുടെ എഫ്.ഐ.ആർ അതിവേഗത്തിലാണ് റദ്ദാക്കിയത്. പിന്നീട് സുപ്രീംകോടതി വിധി റദ്ദാക്കി.
ഭക്തർ ഭക്ഷണം കഴിച്ച ശേഷമുള്ള വാഴയിലയിൽ ഉരുളുന്ന ആചാരം നിരോധിച്ച 2015ലെ ഡിവിഷൻ ബെഞ്ചിന്റെ വിധി മറികടന്ന് 2024ൽ അനുമതി നൽകി. ഡിവിഷൻ ബെഞ്ച് വിധിന്യായം അസാധുവാണെന്ന് പ്രഖ്യാപിച്ച് സിംഗ്ൾ ബെഞ്ചിലായിരുന്ന അദ്ദേഹം ജുഡീഷ്യൽ അച്ചടക്കം ലംഘിച്ചു. ഈ ഉത്തരവ് പിന്നീട് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പൊതു പരിപാടികളിൽ പങ്കെടുത്ത് നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്നു. 2024ൽ ബി.ജെ.പി നേതാവ് എച്ച്. രാജ പങ്കെടുത്ത സംഘ്പരിവാർ സംഘടനകളുടെ ചടങ്ങിൽ ‘ദ്രാവിഡ മാതൃക’യെ പരിഹസിച്ചു. ക്രിസ്ത്യൻ പുരോഹിതന്റെ കേസിൽ ‘ക്രിപ്റ്റോ ക്രിസ്ത്യാനികൾ’ എന്ന അവഹേളനപരമായ പദപ്രയോഗം ഉപയോഗിച്ചു.
പ്രമാദമായ ലാവണ്യ ആത്മഹത്യ കേസിൽ മതപരിവർത്തനമാണെന്ന വർഗീയ പ്രസ്താവന നടത്തി തമിഴ്നാട് പൊലീസിനെ വിമർശിച്ച് അന്വേഷണം സി.ബി.ഐക്ക് കൈമാറി. എന്നാൽ, സി.ബി.ഐ അന്വേഷണത്തിൽ മതപരിവർത്തനം തള്ളിക്കളയുകയാണ് ഉണ്ടായതെന്നും എം.പിമാർ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.