ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയോടൊപ്പം അമ്പാട്ടി റായുഡു

‘ദാ വന്നു, ദേ പോയി’...വൈ.എസ്.ആർ കോൺഗ്രസിൽ ​ചേർന്നതിനു പിന്നാലെ പാർട്ടിവിട്ട് ക്രിക്കറ്റർ അമ്പാട്ടി റായുഡു

ഹൈദരാബാദ്: ക്രിക്കറ്റിന്റെ ക്രീസിൽനിന്ന് രാഷ്ട്രീയത്തിന്റെ ഗോദയിലിറങ്ങാൻ മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു തീരുമാനിച്ചത് പത്തുദിവസം മുമ്പ് മാത്രമാണ്. ആന്ധ്രപ്രദേശിൽ ഭരണത്തിലിരിക്കുന്ന വൈ.എസ്.ആർ കോൺഗ്രസിൽ ​ചേർന്നു പ്രവർത്തിക്കാനുള്ള റായുഡുവിന്റെ തീരുമാനം പൊടുന്നനെയുള്ളതായിരുന്നു. മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് നീലയും പച്ചയും നിറത്തിലുള്ള ഷാളൊക്കെയണിഞ്ഞ് റായുഡു ആഘോഷമായി രാഷ്രടീയത്തിലേക്ക് ‘ഗാർഡെ’ടുത്തത്.

ദേശീയതലത്തിൽതന്നെ ഏറെ വാർത്താപ്രാധാന്യം നേടിയ നീക്കം ചർച്ചയായതിനിടെ ശനിയാഴ്ച റായുഡുവിന്റെ അപ്രതീക്ഷിത ട്വീറ്റ് സമൂഹ മാധ്യമമായ ‘എക്സി’ൽ പ്രത്യക്ഷപ്പെട്ടു. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി വിടാനും അൽപ കാലം രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനുമാണ് പുതിയ തീരുമാനമെന്നാണ് ക്രിക്കറ്റിൽ പ്രായത്തെ തോൽപിച്ച പോരാട്ടവീര്യത്തിലൂടെ ശ്രദ്ധേയനായ അമ്പാട്ടിയുടെ പ്രഖ്യാപനം. മറ്റുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും റായുഡു പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഡിസംബർ 28ന് ജഗൻ മോഹൻ റെഡ്ഡിക്കു പുറമെ ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും പാർലമെന്റംഗം പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും പ​ങ്കെടുത്ത ചടങ്ങിലാണ് റായുഡു വൈ.എസ്.ആർ കോൺ​ഗ്രസിൽ ചേർന്നത്. താരം പാർട്ടിയിൽ ചേരുന്നതിന്റെ ദൃശ്യങ്ങൾ പാർട്ടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു.

അമ്പാട്ടി റായുഡു പത്തുദിവസം മുമ്പ് വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നപ്പോൾ

രാഷ്ട്രീയത്തിലിറങ്ങാനുള്ള താൽപര്യം 2023 ജൂണിൽ റായുഡു വെളിപ്പെടുത്തിയിരുന്നു. ഗുണ്ടൂരിലെ ഗ്രാമീണ മേഖലകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ഇതേക്കുറിച്ച് സൂചന നൽകിയത്. ‘ആന്ധ്ര പ്രദേശിലെ ജനങ്ങളെ സേവിക്കാനായി ഞാൻ വൈകാതെ രാഷ്ട്രീയത്തിലിറങ്ങും. അതിനുമുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ താൽപര്യവും പ്രശ്നങ്ങളുമറിയണം. രാഷ്ട്രീയത്തിൽ എങ്ങനെ മുന്നോട്ടുപോകണമെന്നും ആർക്കൊപ്പം ചേരണമെന്നൊക്കെയുള്ള വ്യക്തമായ ആക്ഷൻ പ്ലാനുമായി ഞാൻ രംഗത്തെത്തും’ -അന്ന് റായുഡു പറഞ്ഞതിങ്ങനെ. ഒടുവിൽ രാഷ്ട്രീയത്തിലിറങ്ങിയതിനുപിന്നാലെ പാർട്ടി വിടാനുള്ള കാരണമെന്തെന്നതിന്റെ സൂചനകളൊന്നും റായുഡു നൽകിയിട്ടില്ല.

Tags:    
News Summary - Former Indian cricketer Ambati Rayudu quits YSRCP, takes break from politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.