ബി.ആർ. ഗവായി

ഇന്ത്യക്ക് നല്ലത് കൊളീജിയം സംവിധാനം -മുൻ ചീഫ് ജസ്റ്റിസ് ഗവായ്

ബംഗളൂരു: നിലവിലെ സാഹചര്യത്തിൽ കൊളീജിയം സംവിധാനമാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായതെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. കൊളീജിയം സംവിധാനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നത് ശരിയാണെന്നും ഒട്ടും പിഴവില്ലാത്ത സംവിധാനമാണ് ഇതെന്ന് പറയുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബംഗളൂരുവിൽ നടന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഗവായ്. കുറ്റവാളിയാണെന്ന് പറഞ്ഞ് ചിലരുടെ വീടുകൾ എക്സിക്യൂട്ടിവ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന, നിയമവാഴ്ചയെ അതിലംഘിക്കുന്ന സാഹചര്യത്തിൽ അത് മിണ്ടാതെനിന്ന് അനുവദിക്കണോ എന്നത് കോടതികൾ ആലോചിക്കേണ്ടതാണെന്നും മുൻ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘‘കൊളീജിയം സംവിധാനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ചില ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് പൂർണമായും പിഴവുകളില്ലാത്ത സംവിധാനമാണെന്ന് ഞാൻ പറയുന്നില്ല. ഒരു സംവിധാനവും പൂർണമല്ല. ഓരോന്നിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇത്രയും നാൾ പ്രവർത്തിച്ച അനുഭവത്തിൽ എനിക്ക് ബോധ്യപ്പെട്ടത്, നിലവിലെ സാഹചര്യത്തിൽ കൊളീജിയം സംവിധാനമാണ് നമ്മുടെ രാജ്യത്തിന് ഏറ്റവും അനുയോജ്യമായതെന്നാണ്. കൊളീജിയം സംവിധാനം സ്വേച്ഛാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശരിയല്ല ’’ -ഗവായി പറഞ്ഞു.

ഹൈകോടതി ചീഫ് ജസ്റ്റിസും ഏറ്റവും സീനിയർ ആയ രണ്ട് ജഡ്ജിമാരും ചേർന്ന കൊളീജിയമാണ് ജഡ്ജിമാരുടെ പേരുകൾ ശിപാർശ ചെയ്യുന്നത്. പിന്നീടത് കേന്ദ്ര സർക്കാറിലേക്ക് പോകുന്നു. കേന്ദ്രസർക്കാറിന്റെ, ഇന്റലിജൻസ് വിഭാഗത്തിന്റെ ഉൾപ്പെടെ എല്ലാവരുടെയും അഭിപ്രായങ്ങൾ ശേഖരിക്കപ്പെടുന്നു. അതിനുശേഷമാണ് സുപ്രീംകോടതി കൊളീജിയം അന്തിമ തീരുമാനം എടുക്കുക. പേരുകൾ അയച്ചശേഷവും സർക്കാറിനോ മറ്റോ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അവ കൊളീജിയത്തിനെ അറിയിക്കുന്നു. കൊളീജിയം അവ പരിഗണിച്ച് പിന്നീട് അന്തിമ തീരുമാനമെടുക്കുന്നു- ഗവായ് വിശദീകരിച്ചു. ഹൈകോടതി ജഡ്ജിമാർ സുപ്രീംകോടതി ജഡ്ജിമാരെക്കാൾ താഴ്ന്നവർ അല്ലെന്ന് താൻ എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Collegium system is good for India: Former Chief Justice Gavai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.