ന്യൂഡൽഹി: മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) നവീൻ ചൗള (79) അന്തരിച്ചു. ശനിയാഴ്ച രാവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2005 മുതൽ 2009 വരെ തെരഞ്ഞെടുപ്പ് കമീഷണറായും 2009 ഏപ്രിൽ മുതൽ 2010 ജൂലൈ വരെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായും സേവനമനുഷ്ഠിച്ചു.
വോട്ടർമാർക്ക് സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്നതിന് പുറമെ ‘മറ്റുള്ളവർ’എന്ന വിഭാഗം തെരഞ്ഞെടുക്കാൻ അനുവദിച്ചതുൾപ്പെടെ നിരവധി പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകി. 2009 ലോക്സഭ തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിച്ചു. 2006ൽ അന്നത്തെ ലോക്സഭ പ്രതിപക്ഷ നേതാവ് എൽ.കെ. അദ്വാനിയും 204 എം.പിമാരും രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
2009ൽ പ്രതിപക്ഷമായിരുന്ന ബി.ജെ.പിയുടെ നിവേദനത്തെ തുടർന്ന് അന്നത്തെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ എൻ. ഗോപാലസ്വാമിയും തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കാൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇതിൽ സർക്കാർ നടപടിയെടുത്തില്ല. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ആയിരുന്നപ്പോൾ തെരഞ്ഞെടുപ്പ് കമീഷണർമാരെ നീക്കം ചെയ്യുന്ന പ്രക്രിയ സി.ഇ.സിയുടെ അതേ രീതിയിലാക്കാൻ നിയമത്തിൽ മാറ്റം വരുത്തണമെന്ന് ചൗള നിർദേശിച്ചിരുന്നു.
1969ലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസസ് (ഐ.എ.എസ്) ബാച്ച് ഉദ്യോഗസ്ഥനായിരുന്നു. രൂപിക ചൗളയാണ് ഭാര്യ. മക്കൾ: രുക്മിണി ചൗള, മൃണാളിനി ചൗള. ‘മദർ തെരേസ’എന്ന പേരിൽ മദർ തെരേസയുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. ‘ഫെയ്ത്ത് ആൻഡ് കംപാഷൻ: ദ ലൈഫ് ആൻഡ് വർക്ക് ഓഫ് മദർ തെരേസ’എന്ന പുസ്തകത്തിന്റെ സഹരചയിതാവ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.