ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള പ്രശ്നങ്ങൾ തീർന്നെന്ന സൂചന നൽകി സചിൻ പൈലറ്റ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം ഗെഹ്ലോട്ടുമായുള്ള പ്രശ്നങ്ങൾ താൻ അവസാനിപ്പിക്കുകയാണെന്ന് പൈലറ്റ് പറഞ്ഞു. ഒത്തൊരുമയോടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാം മറന്ന് ഒരുമിച്ച് പോകാനാണ് കോൺഗ്രസ് പ്രസിഡന്റ് നിർദേശിച്ചത്. തന്നേക്കാളും പരിചയ സമ്പത്തുള്ളയാളാണ് അശോക് ഗെഹ്ലോട്ട്. ഒരുപാട് ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തിന്റെ ചുമലിലുണ്ട്. ഞാൻ രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്റായിരുന്ന സമയത്ത് എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാനാണ് ശ്രമിച്ചത്. ഇപ്പോൾ അദ്ദേഹമാണ് മുഖ്യമന്ത്രി, എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാനാണ് ഗെഹ്ലോട്ട് ശ്രമിക്കുന്നതെന്നും സചിൻ പൈലറ്റ് പറഞ്ഞു.
ഏതൊരു വ്യക്തിയേക്കാളും പാർട്ടിയും പൊതുസമൂഹവുമാണ് പ്രധാനം. തെരഞ്ഞെടുപ്പ് ജയിക്കുകയാണ് പ്രധാനം. വ്യക്തികൾക്കോ അവരുടെ പ്രസ്താവനകൾക്കോ ഇനി പ്രാധാന്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കോൺഗ്രസ് വിട്ട് സചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.