കൊച്ചി: രാജ്യത്തെ ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം നടപ്പാക്കുന്നത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരമുള്ള അന്വേഷണത്തിന് മറുപടി നൽകാതെ കേന്ദ്ര സർക്കാർ. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹേമന്ത് ശർമ എന്നയാൾ സമർപ്പിച്ച അപേക്ഷക്കാണ് ഇക്കാര്യത്തിൽ ഒരു വിവരവും നൽകാനാവില്ലെന്ന് മറുപടി നൽകിയത്.
ബാങ്ക് മാനേജ്മെന്റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസും (യു.എഫ്.ബി.യു) നടത്തിയ ചർച്ചയിൽ ഞായറാഴ്ചകൾക്ക് പുറമേ എല്ലാ ശനിയാഴ്ചകളും അവധിയാക്കാൻ ധാരണയിലെത്തിയിരുന്നു.
നിലവിൽ രണ്ടും നാലും ശനിയാഴ്ചകൾ അവധിയാണ്. എല്ലാ ശനിയാഴ്ചയും അവധിയാക്കി ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമാക്കുമ്പോൾ പ്രതിദിന ജോലിസമയം 30-45 മിനിറ്റ് വർധിപ്പിക്കാമെന്നും ധാരണ ഉണ്ടാക്കിയിരുന്നു. ഇത് കേന്ദ്രത്തിന് സമർപ്പിച്ചെന്നും ധന മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നുമാണ് ഐ.ബി.എ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്.
എന്നാൽ ആഴ്ചകൾക്ക് മുമ്പ് പാർലമെൻറിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ധന വകുപ്പിന്റെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.