ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയത്തെ മാനിക്കാതെ ജഡ്ജിനിയമനത്തിൽ സ്വന്തം താൽപര്യവുമായി മുന്നോട്ടുപോകുമെന്ന വ്യക്തമായ സൂചന നൽകിയ കേന്ദ്ര സർക്കാർ രണ്ട് ശിപാർശകൾ തള്ളി. ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ്, പഞ്ചാബ് ഹരിയാന ഹൈകോടതി ജഡ്ജി ജസ്റ്റിസ് രാമേന്ദ്ര ജെയിൻ എന്നിവരുടെ കാര്യത്തിലാണ് കൊളീജിയം ശിപാർശകൾ കേന്ദ്രം തള്ളിയത്.
പഞ്ചാബ് ഹരിയാന ഹൈകോടതിയിൽ ഇപ്പോൾ അഡീഷനൽ ജഡ്ജിയായ ജസ്റ്റിസ് രാമേന്ദ്ര ജെയിനിനെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയം ശിപാർശ തള്ളിയ കേന്ദ്രസർക്കാർ അഡീഷനൽ ജഡ്ജിയെന്ന നിലയിൽ ആറ് മാസത്തേക്ക് കൂടി കാലാവധി നീട്ടി.ഇൗമാസം 19നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള നടപടി തുടങ്ങിയ കേന്ദ്ര നിയമമന്ത്രാലയം അതിനായുള്ള ഫയൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചുകൊടുത്തു.
അതേസമയം, അവരോടൊപ്പം ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശിപാർശ അംഗീകരിച്ചതുമില്ല.
കൊളീജിയം ശിപാർശക്ക് മൂന്നുമാസം തികഞ്ഞ ശേഷമാണ് ജസ്റ്റിസ് ജോസഫിനെ ഒഴിവാക്കി ഇന്ദുവിനെ നിയമിക്കാൻ നടപടി എടുത്തത്. 2016 ഏപ്രിലിൽ ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതാണ് അദ്ദേഹത്തെ മോദിസർക്കാറിന് അനഭിമതനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.