അഫ്റീൻ ഷാ

ജോലികിട്ടി ആദ്യദിവസം ജീവിതത്തിലെ അവസാനത്തേതായി, അഫ്റീന്റെ വിയോഗത്തിൽ കണ്ണീർവാർത്ത് കുടുംബം

ജീവിതത്തിലാദ്യമായി ഒരു ജോലിയിൽ കയറിയ ആദ്യദിനത്തിനൊടുവിൽ ഏറെ സന്തോഷവതിയായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഫ്റീൻ ഷാ എന്ന 19കാരി. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ച് ‘വർക്കിങ് പ്രൊഫഷനൽ’ ആയ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു അവൾ. ജോലി സ്ഥലത്തുനിന്ന് കുർള റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ ശേഷം വീട്ടിലേക്ക് നടക്കാനൽപം ദൂരമുണ്ട്. ഓട്ടോറിക്ഷയിൽ പോകാമെന്ന് കരുതിയപ്പോൾ ഓട്ടോ കിട്ടാനില്ല. തുടർന്ന് പിതാവിനെ ഫോൺ ചെയ്തു. അദ്ദേഹവും കുടുംബത്തിൽ വാഹനം ഓടിക്കാനറിയുന്ന മറ്റുള്ളവരും ജോലിത്തിരക്കിലായതിനാൽ അഫ്റീനോട് നടന്നു വരാൻ പറയുകയായിരുന്നു.

എന്നാൽ, ആ നടത്തം അവളുടെ ജീവിതത്തിലെ അവസാനത്തേതായി മാറി. എല്ലാവർക്കും ​പ്രിയങ്കരിയായിരുന്ന അഫ്റീനെ കുർള ബസ് ഡിപ്പോക്കടുത്ത് എസ്.ജി ബാർവെ മാർഗിലുണ്ടായ ബസ് അപകടത്തിൽ മരണം കവർന്നെടുത്തതോടെ കുടുംബം ആകെ തകർന്ന മട്ടാണ്. നിയന്ത്രണം വിട്ട ബസ് അവളെ മരണത്തിലേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഏഴു പേർ മരിച്ച സംഭവത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ആദ്യ ദിവസം അഫ്റീൻ വീട്ടിൽനിന്ന് പോയതെന്ന് അമ്മാവൻ മുഹമ്മദ് യൂസുഫ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ‘അവളുടെ അകാല വിയോഗം ഞങ്ങൾക്ക് താങ്ങാവുന്നതിനപ്പുറത്താണ്. പിതാവിനെയും മറ്റു ബന്ധുക്കളെയുമൊന്നും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ആദ്യദിവസത്തെ ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോ കിട്ടാത്തതുകൊണ്ടാണ് അവൾ നടന്നുവന്നത്. ആരെങ്കിലും കൂട്ടാൻ വരാനു​ണ്ടോ എന്ന് അവൾ പിതാവിനെ വിളിച്ച് അന്വേഷിച്ചിരുന്നു. ആരും അപ്പോൾ വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ടാണ് നടന്നു വരാൻ പറഞ്ഞത്’ -യൂസുഫ് വിശദീകരിച്ചു.

‘ആക്സിഡന്റ് നടന്ന സ്ഥലത്തുനിന്ന് ആരോ അവളുടെ ഫോൺ കണ്ടെടുത്തു. വിവരം പറയാൻ അവസാനം ഡയൽ ചെയ്ത നമ്പറിലേക്ക് വിളിച്ചു. അത് പിതാവിന്റെ നമ്പറായിരുന്നു. ഞങ്ങൾ എല്ലാവരും ഉടൻ ആശുപത്രിയിലെത്തി. അവിടെയെത്തിയപ്പോഴാണ് അവൾ ഞങ്ങളെ വിട്ടുപോയ വിവരം അറിഞ്ഞത്’ -ബന്ധുക്കളിൽ ഒരാളായ അബ്ദുൽ റാഷിദ് ഷാ പറഞ്ഞു. ‘കൂട്ടുകുടുംബമായാണ് ഞങ്ങൾ കഴിയുന്നത്. എന്നാൽ, അഫ്റീൻ വിളിച്ച സമയത്ത് വണ്ടിയോടിക്കാൻ അറിയുന്ന ആരും വീട്ടിലുണ്ടായിരുന്നില്ല. ഓട്ടോ കിട്ടിയില്ലെങ്കിൽ നടന്നുവരാൻ പറഞ്ഞത് അതുകൊണ്ടായിരുന്നു. എന്നാൽ, അത് അവളുടെ ജീവിതത്തിലെ അവസാന യാത്രയാണെന്ന് ഞങ്ങൾ അറിഞ്ഞില്ല. ജോലി കിട്ടിയതിൽ വളരെ സന്തോഷവതിയായിരുന്നു അവൾ. കരിയറിലെ അവളുടെ ആദ്യ ദിനം അവസാനത്തേതു കൂടിയായി മാറിയ തീരാ സങ്കടത്തിലാണ് ഞങ്ങൾ’ -റാഷിദ് കൂട്ടി​ച്ചേർത്തു.


കോളജ് വിദ്യാർഥിയായ ശിവം (18), റിട്ട. റെയിൽവേ ജീവനക്കാരനായ വിജയ് ഗെയ്ക്ക്‍വാദ് (70), പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അനം മുസഫർ ഷെയ്ഖ് (20), നാലു കുട്ടികളുടെ പിതാവും ഡ്രൈവറുമായ ഇസ്‍ലാം അൻസാരി (49), ഫാറൂഖ് ചൗധരി (56) എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. സംഭവത്തിൽ ബസ് ഓടിച്ചിരുന്ന സഞ്ജയ് മോറെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ഡിസംബർ 21 വരെ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾ മനഃപൂർവം അപകടം ഉണ്ടാക്കിയതാണോ എന്നതടക്കമു​ള്ള കാര്യങ്ങൾ അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.


Tags:    
News Summary - Kurla Bus Crash: First day of career becomes last day of Afreen's life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.