വെടിയുണ്ട സീറ്റിലും ഡോറിലും തുളഞ്ഞുകയറി; ചന്ദ്രശേഖർ ആസാദ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ലഖ്നോ: ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് യു.പിയിലെ സഹരാൻപൂരിൽ വെച്ച് അക്രമികളുടെ തോക്കിൻകുഴലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. നാല് റൗണ്ട് വെടിയുതിർത്തതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ചന്ദ്രശേഖറിന്‍റെ ദേഹത്ത് കൊണ്ടത്. മൂന്നെണ്ണം കാർ ഡോറിലും സീറ്റിലുമാണ് തുളഞ്ഞുകയറിയത്.

ചന്ദ്രശേഖറിന്‍റെ ഇടത് പുറംഭാഗത്താണ് വെടിയേറ്റത്. കാറിന്‍റെ ഡോർ തുളച്ചുകയറിയ ബുള്ളറ്റാണ് ദേഹത്ത് കൊണ്ടത്. സഹരാൻപൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

 

സഹരാൻപൂരിൽ തന്‍റെ സംഘടനാ പ്രവർത്തകന്‍റെ വീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ചന്ദ്രശേഖർ ആസാദ് എത്തിയത്. ദിയോബന്ദ് എന്ന സ്ഥലത്തുവെച്ച് ചന്ദ്രശേഖറും അനുയായികളും സഞ്ചരിച്ച വാഹനത്തിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

ടൊയോട്ട ഫോർച്യൂണർ കാറിൽ മുൻസീറ്റിലായിരുന്നു ചന്ദ്രശേഖർ ആസാദ് സഞ്ചരിച്ചത്. ദിയോബന്ദിൽ വെച്ച് ഹരിയാന രജിസ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറിലെത്തിയ അക്രമികൾ ചന്ദ്രശേഖറിന് നേരെ നിറയൊഴിച്ചു. ചന്ദ്രശേഖറിന്‍റെ ഇളയ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരായിരുന്നു കാറിലുണ്ടായിരുന്നത്.

കാറിന്‍റെ ചില്ലുകൾ വെടിവെപ്പിൽ തകർന്നു. ചന്ദ്രശേഖർ ഇരുന്ന സീറ്റിൽ ബുള്ളറ്റ് തുളച്ചുകയറിയ നിലയിലാണ്. ഡോറിലും ബുള്ളറ്റ് തുളച്ചുകയറി.

 

ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ചന്ദ്രശേഖർ ആസാദിന് നേരെയുണ്ടായതെന്ന് ഭീം ആർമി പ്രതികരിച്ചു. ആക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ആക്രമണത്തെ അപലപിച്ച എസ്.പി നേതാവ് അഖിലേഷ് യാദവ്, യു.പിയിലെ ബി.ജെ.പി ഭരണത്തിൽ ജനപ്രതിനിധികൾ പോലും സുരക്ഷിതരല്ലെങ്കിൽ സാധാരണക്കാരന് എന്ത് സുരക്ഷിതത്വമാണുള്ളതെന്ന് ചോദിച്ചു. കാട്ടുനീതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 

Tags:    
News Summary - Fired four times, penetrating the seat and door miracle escape by Chandra Shekhar Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.