മുംബൈ: തെരഞ്ഞെടുപ്പിന് തലേന്ന് വീട്ടില്‍ ലക്ഷ്മി വരുമെന്നും അത് കൈനീട്ടി വാങ്ങി പിറ്റേന്ന് വോട്ട് ചെയ്യണമെന്നും പ്രസംഗിച്ചതിന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ റാവൂസാഹെബ് ദാന്‍വെക്കെതിരെ പൊലീസ് കേസെടുത്തു. ഒൗറംഗാബാദ് ജില്ലയിലെ പൈത്താന്‍ സബ് ഡിവിഷനല്‍ ഓഫിസറുടെ പരാതിയിലാണ് നടപടി. ദാന്‍വെ നല്‍കിയ വിശദീകരണം തള്ളിയ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷണര്‍ നടപടിയെടുക്കാന്‍ ഒൗറംഗാബാദ് ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
സംസ്ഥാന മുനിസിപ്പല്‍ കൗണ്‍സില്‍, നഗരപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ 17നാണ് പൈത്തനില്‍ റാവുസാഹെബ് ദാന്‍വെ വിവാദ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് കാലത്തിന് പ്രാധാന്യമുണ്ടെന്നും പെട്ടെന്ന് ലക്ഷ്മി ദര്‍ശനമുണ്ടാകുമെന്നും ലക്ഷ്മി വാതിലില്‍ മുട്ടിയാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും എന്തുവന്നാലും വോട്ട് ആര്‍ക്കെന്നതില്‍ ഉറച്ചുനില്‍ക്കണമെന്നുമായിരുന്നു പ്രസംഗം. നാളെയാണ് വോട്ടെടുപ്പെന്നും നിങ്ങള്‍ വീടത്തൊന്‍ കൊതിച്ചിരിക്കുകയാണെന്ന് അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്. വിഡിയോ ദൃശ്യങ്ങളാണ് ദാന്‍വെക്കെതിരെ തെളിവ്. ഗ്രാമീണര്‍ ഭക്തരാണെന്നും അവര്‍ക്ക് മനസ്സിലാകുന്നതരത്തില്‍ സംസാരിച്ചത് തെറ്റിദ്ധരിച്ചതാണെന്നുമുള്ള ദാന്‍വെയുടെ വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയത്. മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചരിത്ര വിജയം നേടിയത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തിയിരുന്നു. നോട്ടസാധു പണക്ഷാമമുണ്ടാക്കിയിട്ടും ബി.ജെ.പി പണം വിതറിയാണ് ജയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.