ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രികഴകം അധ‍്യക്ഷനുമായ സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.എൽ.എ അനിത ആർ. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മാണിക്കം ടാഗോർ. തിരുച്ചെന്തൂർ എം.എൽ.എയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഉത്തരവാദിത്തപരമായ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് അനിത രാധാകൃഷ്ണൻ വ്യതിചലിച്ചുവെന്ന് അറിയിച്ച മാണിക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടോ എന്ന സംശയവും പ്രകടിപ്പിച്ചു. രാഷ്ട്രീയ എതിരാളികളെ വിമർശിക്കുമ്പോൾ നേതാക്കൾ മാന്യത പാലിക്കണമെന്നും, ഭാവിയിൽ ഇത്തരം മോശം പരാമർശങ്ങൾ ഒഴിവാക്കാൻ പ്രതിപക്ഷം തയ്യാറാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചെന്നൈയിലെ അന്തരിച്ച മുന്‍മുഖ്യമന്ത്രി കാമരാജിന്റെ ചെന്നൈയിലെ സ്മാരകം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കോൺഗ്രസ് എം.പി ഇക്കാര്യം വ്യക്തമാക്കിയത്. `തന്റെ പാർട്ടി ഇപ്പോൾ അധികാരത്തിലല്ലെന്ന് മനസ്സിലാക്കാൻ അദ്ദേഹം പരാജയപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് അറിയാമോ? ഡിഎംകെ അധികാരം നഷ്ടപ്പെട്ടുവെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നില്ലേ?' എന്ന് ടാഗോർ കൂട്ടിചേർത്തു. രാഷ്ട്രീയ നേതാക്കളെ വിമർശിക്കുമ്പോഴും സംസാരിക്കുമ്പോഴും കുറച്ച് മാന്യത പുലർത്തണം. ഇതിനുശേഷം എങ്കിലും എങ്ങനെ സംസാരിക്കണമെന്നും അപകീർത്തികരമായ കാര്യങ്ങൾ പറയാതിരിക്കാനും പ്രതിപക്ഷം പഠിക്കുമെന്ന് കരുതുന്നു' ടാഗോർ കൂട്ടി ചേർത്തു.
ജൂൺ 20ന് തിരുച്ചെന്തൂരിന് സമീപമുള്ള ആത്തൂർ പ്രദേശത്ത് നടന്ന ഒരു പൊതുയോഗത്തിലായിരുന്നു എം.എൽ.എയുടെ വിവാദ പരാമർശം. യോഗത്തിൽ മുഖ്യമന്ത്രി വിജയിക്കെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. വിജയ് യുടെ സിനിമാ അഭിനയത്തെയും വേഷങ്ങളെയും സിനിമാ മേഖലയിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെയും പരാമർശിച്ചായിരുന്നു രാധാകൃഷ്ണന്റെ പരിഹാസം. തുടർന്ന് ടി.വി.കെ ആത്തൂരിലെ നേതാവിന്റെ പരാതിയിൽ ജൂൺ 23ന് ആത്തൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അറസ്റ്റിന് മുമ്പ് മുൻകൂർ ജാമ്യം തേടി രാധാകൃഷ്ണൻ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈകോടതി അപേക്ഷ തള്ളുകയായിരുന്നു. ഹൈകോടതി ഉത്തരവിന് പിന്നാലെ, തൂത്തുക്കുടി ജില്ലയിലെ ആത്തൂർ ടൗൺ പഞ്ചായത്ത് ഓഫീസിലായിരുന്ന രാധാകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് അദ്ദേഹത്തെ തൂത്തുക്കുടി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു.
അതേ സമയം അടുത്തിടെ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മധുരയിൽ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തെക്കുറിച്ചും ടാഗോർ പ്രതികരിച്ചു. `ഗവർണർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണ്. അദ്ദേഹത്തിന് ഗോവയിലെപ്പോലെ രാഷ്ട്രീയം കളിക്കണമെന്നുണ്ടെങ്കിൽ അവിടേക്ക് പോകണം. പരിധികൾ ലംഘിക്കരുത് എന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിക്കുന്നു' അദ്ദേഹം കൂട്ടി ചേർത്തു. മൊത്തത്തിൽ, രാധാകൃഷ്ണനെതിരെയുള്ള തന്റെ വിമർശനത്തെ രാഷ്ട്രീയ സംസാരത്തിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഒരു വലിയ ആവശ്യവുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഗവർണറുടെ സമീപകാല നടപടികളെയും ടാഗോർ രൂക്ഷമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.