ഹൗറ: ഝാർഖണ്ഡ് നടി റിയ കുമാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. റിയയുടെ കുടുംബത്തിന്റെ പരാതിയിലാണ് ചോദ്യംചെയ്യലിന് ശേഷം ഭർത്താവും നിർമാതാവുമായ പ്രകാശ് കുമാറിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഭർത്താവിനും മൂന്ന് വയസ്സുള്ള മകൾക്കുമൊപ്പം റാഞ്ചിയിൽനിന്ന് കൊൽക്കത്തയിലേക്ക് പോകുമ്പോൾ ബുധനാഴ്ച പുലർച്ചയാണ് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദേശീയപാതയിൽ ഇഷ ആലിയ എന്ന റിയ കുമാരി വെടിയേറ്റ് മരിച്ചത്. ബഗ്നാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹിശ്രേഖക്കു സമീപം കാർ നിർത്തിയപ്പോൾ മൂന്നംഗസംഘം തന്നെ ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ചപ്പോൾ തടയാനെത്തിയ റിയയെ വെടിവെച്ച് കൊന്നതായാണ് പ്രകാശ് മൊഴി നൽകിയത്. പ്രകാശ് കുമാറിന്റെ മൊഴിയിലെ വൈരുധ്യമാണ് അറസ്റ്റിലേക്ക് നയിച്ചത്. പ്രകാശ് പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
അക്രമികൾ പ്രകാശ്കുമാറുമായി ബന്ധമുള്ളവരാണെന്നും പൊലീസ് സംശയിക്കുന്നു. ആക്രമണത്തിൽ പരിക്കേറ്റ റിയയുമായി പ്രകാശ് തന്നെയാണ് മൂന്നു കിലോമീറ്റർ കാർ ഓടിച്ചശേഷം നാട്ടുകാരുടെ സഹായത്തോടെ ഉലുബെരിയ എസ്.സി.സി മെഡിക്കൽ കോളജിലെത്തിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
പ്രകാശ് കുമാറിന്റെ രണ്ടാം ഭാര്യയാണ് റിയ. ഝാർഖണ്ഡിലെ ഹസാരിബാഗ് സ്വദേശിയായ റിയ കുമാരി യൂട്യൂബ് വ്ലോഗർ കൂടിയായിരുന്നു. റിയയെ പ്രകാശ് നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആദ്യ ഭാര്യയാണെന്നും റിയയുടെ കുടുംബ പരാതിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.