ചൈതന്യാനന്ദ സരസ്വതി
ന്യൂഡൽഹി: നിരവധി വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന സ്വയംപ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതിക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാത്രി വളരെ വൈകിയും ചൈതന്യാനന്ദയുടെ ക്വാർട്ടേഴ്സിലെത്താൻ വിദ്യാർഥിനികളെ നിർബന്ധിച്ചുവെന്നും വിദ്യാർഥികളിൽ ഒരാളുടെ പേര് മാറാൻ പോലും നിർബന്ധിച്ചുവെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. 30 ഓളം വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചൈതന്യാനന്ദക്കെതിരെ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് നൽകിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സ്വാമിക്ക് വഴങ്ങിയില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും ബിരുദ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയിരുന്നതായും എഫ്.ഐ.ആറിലുണ്ട്. അനുസരിച്ചാൽ വിദേശയാത്രയടക്കമുള്ള വാഗ്ദാനങ്ങളാണ് നൽകിയിരുന്നത്.
കഴിഞ്ഞ വർഷമാണ് ചൈതന്യാനന്ദയെ പരിചയപ്പെട്ടതെന്ന് സ്കോളർഷിപ്പ് വിദ്യാർഥിനിയായിരുന്ന 21കാരി പറയുന്നു. 'അദ്ദേഹമായിരുന്നു ചാൻസലർ. അദ്ദേഹത്തിന്റെ ഓഫിസ് കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്ലോറിലായിരുന്നു. ഞങ്ങളുടെ ക്ലാസും അതേ നിലയിലായിരുന്നു. ഒരു പരിക്കിനെ അതിജീവിച്ചാണ് ഞാൻ കോളിലെത്തിയത്. എന്റെ സീനിയറായി പഠിച്ചിരുന്നയാൾ അതിന്റെ മെഡിക്കൽ രേഖകൾ ചൈതന്യാനന്ദക്ക് കൈമാറാൻ പറഞ്ഞു. ആ റിപ്പോർട്ടുകൾ കൈമാറിയതിന് പിന്നാലെ അയാൾ അനുചിതമായ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ''ബേബി, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഞാൻ ആരാധിക്കുന്നു. ഇന്ന് നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്''എന്നൊക്കെയുള്ള മേസേജുകളാണ് അയച്ചിരുന്നത്. മുടിയെ കുറിച്ചും വർണിച്ചു.
ഒറ്റ മെസേജിനും ഞാൻ മറുപടി അയച്ചില്ല. അതിനു ശേഷം ആദ്യമയച്ച മെസേജുകൾ ടാഗ് ചെയ്ത് മറുപടി അയക്കാൻ അയാൾ നിർബന്ധിച്ചുകൊണ്ടിരുന്നു.
ഇതെ കുറിച്ച് അസോസിയേറ്റ് ഡീനിന് പരാതി നൽകി. എതിർപ്പ് പരസ്യമാക്കിയപ്പോൾ ഹാജർനിലയിൽ ക്രമക്കേട് കാണിച്ചുകൊണ്ടുള്ള നോട്ടീസുകൾ വന്നുതുടങ്ങി. പരീക്ഷ പേപ്പറുകളിൽ മാർക്കുകളിൽ കൃത്രിമത്വം കാണിച്ചു. 2025 മാർച്ചിൽ അയാൾപുതിയ ബി.എം.ഡബ്ല്യു കാർ വാങ്ങിയപ്പോൾ പൂജക്കായി സഹപാഠികളെ ക്ഷണിച്ച് ഋഷികേശിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്നപ്പോഴും മോശം കമന്റുകൾ അയക്കുന്നത് തുടർന്നു. ഒരിക്കൽ ഫോണിൽ ചൈതന്യാനന്ദ അയച്ച സന്ദേശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മുതിർന്ന അധ്യാപികമാർ സമീപിച്ചു. ഹോളി കഴിഞ്ഞ ശേഷം അയാൾ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ചു. ബേബി എന്ന് വിളിച്ചാണ് സംസാരിച്ചു തുടങ്ങിയത്. എന്നെ അങ്ങനെ വിളിക്കരുതെന്ന് ഞാനയാളോട് പറഞ്ഞു. അയാൾ ഉടനെ മൊബൈൽ എടുത്ത് എന്റെ ഒരു വിഡിയോ റെക്കോഡ് ചെയ്യാൻ തുടങ്ങി. അത് എന്റെ ഫോണിലേക്ക് അയച്ചു തന്നിട്ട് നീ വളരെ സുന്ദരിയാണെന്ന് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ കുട്ടികൾ അർധരാത്രിയിൽ ഇയാളുടെ ക്വാർട്ടേഴ്സിലേക്ക് പോകാൻ നിർബന്ധിക്കപ്പെട്ടിരുന്നു.''-എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
'എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ട'– എന്നാണ് ഒരു പെൺകുട്ടിക്ക് അയച്ച സന്ദേശം. മറ്റൊരു വിദ്യാർഥിനിക്ക് അയച്ച സന്ദേശം 'അനുസരിച്ചില്ലെങ്കിൽ നിന്റെ മാർക്ക് കുറയും, കരിയർ തന്നെ നശിപ്പിക്കും' എന്നായിരുന്നു.
പരാതിയിൽ വസന്ത് കുഞ്ജ് നോർത്ത് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിൽ പോയ ചൈതന്യാനന്ദയെ കണ്ടെത്താൻ പൊലീസ് വ്യത്യസ്‍ത സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. ഇയാൾ രാജ്യംവിടുന്നത് തടയാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ചൈതന്യാനന്ദയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ മൂന്ന് വനിത വാർഡർമാർ നിരന്തരം വിദ്യാർഥിനികളെ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്. അവരെയും കൂട്ടുപ്രതികളായി ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 28 ഓളം പുസ്തകങ്ങൾ എഴുതിയെന്നാണ് ചൈതന്യാനന്ദ അവകാശപ്പെടുന്നത്. ആ പുസ്തകങ്ങളിൽ റിവ്യൂ എഴുതിയിരിക്കുന്നത് പ്രമുഖരാണ്.
ചൈതന്യാനന്ദയുടെ അക്കാദമിക് പ്രൊഫൈലിലെ വിവരങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്നാണ് പൊലീസ് കരുതുന്നത്.
യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ 'ട്രാന്‍സ്ഫോര്‍മിങ് പേഴ്സണാലിറ്റി' എന്ന പുസ്തകത്തെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരുന്നതായി ചൈതന്യാനന്ദയുടെ ഒരു പുസ്തകത്തിലെ പ്രൊഫൈലില്‍ അവകാശപ്പെടുന്നുണ്ട്. യു.എൻ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അഭിനന്ദന സന്ദേശവും പുസ്തകത്തിലുണ്ട്. ഈ പുസ്തകങ്ങളുടെയെല്ലാം പുറംചട്ടയില്‍, 28 പുസ്തകങ്ങളും 143 ഗവേഷണ പ്രബന്ധങ്ങളും രചിച്ച 'അന്താരാഷ്ട്ര പ്രശസ്തനായ എഴുത്തുകാരന്‍' എന്നാണ് ചൈതന്യാനന്ദ സ്വയം പരിചയപ്പെടുത്തുന്നത്. ഫോര്‍ഗെറ്റ് ക്ലാസ്റൂം ലേണിങ് എന്ന പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ആണ്. 'മാനേജ്മെന്റിന്റെ പ്രായോഗിക ലോകത്തേക്കുള്ള അഭൂതപൂര്‍വമായ തയാറെടുപ്പിനും വഴികാട്ടിയുമാണ്' ചൈതന്യാനന്ദയുടെ പുസ്തകമെന്ന് സ്റ്റീവ് ജോബ്സ് പറഞ്ഞതായി പുസ്തകത്തിന്റെ മുന്‍പേജില്‍ ഉദ്ധരിക്കുന്നു. ഇയാൾക്കെതിരെ അഞ്ചു കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.