മണക്കാട് സ്വർണ കവർച്ച; നാലംഗ സംഘമെത്തിയത് കോർപറേഷൻ ജീവനക്കാരെന്ന വ്യാജേന

തിരുവനന്തപുരം: മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപവന്‍റെ സ്വർണാഭരണം കവർന്ന കേസിലെ പ്രതികളെത്തിയത് കോർപറേഷൻ ജീവനക്കാരെന്ന വ്യാജേന. പ്രതികൾ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കണ്ടെത്തിയ ആസൂത്രിത നീക്കമായിരുന്നു കവർച്ചാപദ്ധതി.

മണക്കാട് മുക്കോലക്കല്‍ ക്ഷേത്രത്തിന് സമീപം ശ്രീശിവം അപാര്‍ട്ട്മെന്റിലെ അഞ്ചാം നമ്പര്‍ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന തൃശ്ശൂർ സ്വദേശി വിഷ്ണുവിന്റെ 64 വയസ്സുള്ള മാതാവാണ് ആക്രമണത്തിനിരയായത്. കേസിൽ ശരത് (34), രാജൻ (63), ഷീബ (42), റീന (43) എന്നിവരെയാണ് പൊലീസ് മണക്കൂറുകൾക്കകം പിടികൂടിയത്.

ശ്രീശിവം അപാര്‍ട്ട്മെന്റിലെ താഴത്തെ നിലയിലെ താമസക്കാരിയാണ് പിടിയിലായ റീന. റീനയുടെ ബന്ധുവാണ് ഷീബ. ശരത് വെൺപാലവട്ടം ഭാഗത്തെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. അവിടെ സ്ഥിരമായി എത്തിയിരുന്ന ഷീബയുമായി പരിചയം സ്ഥാപിച്ച ശേഷം ബന്ധുവായ റീനയെ പരിചയപ്പെടുകയായിരുന്നു. ബാധ്യതകള്‍ തീര്‍ക്കാനാണ് മൂവരും ചേർന്ന് കവർച്ച ആസൂത്രണം ചെയ്തത്.

തുടർന്ന് ശരത് മുമ്പ് ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് പരിചയപ്പെട്ട രാജനെയും കൃത്യത്തിൽ പങ്കാളിയാക്കി. മോഷണം നടത്തിയശേഷം ഇവർ റോഡിലൂടെ നടന്നുപോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഒളിവിൽപോയ പ്രതികളെ തമിഴ്നാട് കുഴിത്തുറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

വിഷ്ണുവും മാതാവും നാലു വർഷമായി ഇവിടെ വാടകക്ക് താമസിക്കുന്നുണ്ട്. പകൽ മാതാവ് മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കൾ കൃത്യം നടത്തിയത്. അഞ്ചുപേരെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ നാലുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഫ്ലാറ്റിലെത്തി മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് ചോദിച്ചാണ് സംഘത്തിലെ രണ്ടുപേർ വാതിലിൽ മുട്ടിയത്. കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൂക്കി കോര്‍പറേഷന്‍ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് ഇവർ എത്തിയത്. വാതിൽ തുറന്നതോടെ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ കൂടി അകത്തേക്ക് കയറുകയും വയോധികയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്നായിരുന്നു കവർച്ച. രണ്ട് ദിവസം മുമ്പും ഇതേ സംഘം പരിസരത്ത് എത്തിയിരുന്നു.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ ദീപക് ദങ്കർ, അസി. കമീഷണർ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫോർട്ട് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എസ്.ഐമാരായ അനു എസ്. നായർ, സുജോജോർജ് ആന്റണി, ശ്രുതി, ഡാൻസാഫ് എസ്.ഐ വിനോദ്, സി.പി.ഒമാരായ ശ്രീജിത്ത്, സുനിൽകുമാർ, ഗിരീഷ്, ഷിബു, ഷാനി, ആര്യ, ലിബിൻരാജ്, ദീപു, ഷജീബ്, ശിവദാസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം -കമീഷണർ

തിരുവനന്തപുരം: മണക്കാട് വയോധികയെ ആക്രമിച്ച് ഏഴര പവൻ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക്. പിടിയിലായ നാലുപേരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു. പ്രതികളായ ഷീബ, റീന രാജൻ, ശരത് എന്നിവർ ചേർന്നാണ് സ്വർണഭരണങ്ങൾ കവർന്നത്. മോഷ്ടിച്ചതിൽ കുറച്ച് ആഭരണങ്ങൾ പണയംവെച്ചു. ബാക്കി സ്വർണമാണ് പ്രതികളിൽ നിന്നു കണ്ടെത്തിയത്.

സംഭവത്തിൽ ഒരു പ്രതി കൂടി ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരമെന്നും അയാളെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പിടികൂടിയ പ്രതികളിൽ ഒരാൾ മറ്റ് ഒമ്പത് കേസുകളിൽ പ്രതിയാണ്. സംഘത്തിലെ ഒരു സ്ത്രീക്ക് കൊലപാതകമടക്കം കേസുകളുണ്ട്. മോഷണം കൃത്യമായ ഗൂഢാലോചനക്ക് ശേഷമാണ് നടത്തിയത്. സമയം അടക്കം പദ്ധതി ഇട്ടാണ് കവർച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Manakad gold robbery; A gang of four arrived pretending to be corporation employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.