കർഷക നേതാവ്​ രാകേഷ്​ ടികായത്ത്​

സർക്കാർ തന്ത്രം പാളുന്നു; സമര ഭൂമികളിലേക്ക്​ കർഷകരുടെ ഒഴുക്ക്​

ന്യൂഡൽഹി: കർഷകരുടെ സമരം അടിച്ചമർത്താനുള്ള സർക്കാർ നീക്കം തിരിച്ചടിക്കുന്നു. കർഷക നേതാവ്​ രാകേഷ്​ ടികായത്തിന്‍റെ ആഹ്വാനത്തിന്​ ശേഷം വ്യാഴാഴ്ച അർധരാത്രിയോടെ, ഹരിയാനയിലെ ഗ്രാമങ്ങളിൽ നിന്ന്​ കർഷകർ ​ട്രാക്​ടറു​കളിൽ ഡൽഹി അതിർത്തികളിലെ സമരഭൂമികളിലേക്ക്​ പുറപ്പെട്ട്​ തുടങ്ങിയിരുന്നു. ഇന്ന്​ കാപ്​ പഞ്ചായത്തുകൾ ചേർന്ന്​ സമരത്തിന്​ പിന്തുണ പ്രഖ്യാപിക്കുകയാണ്​ കർഷകർ.

ഹിസാർ, ഭീവാനി, കൈതാൾ, ജിന്ദ്​, സോനേപത്ത്​​, പാനിപത്ത്​ മേഖലകളിൽ നിന്ന്​ നിരവധി കർഷകരാണ്​ ട്രാക്​ടറുകളിൽ അതിർത്തികളിലെ സമര ഭൂമികളിലേക്ക്​ തിരിച്ചത്​. സിംഘു, ഗാസിപ്പൂർ, തിക്രി അതിർത്തികളിലെ സമരഭൂമികളിൽ ഇവരിൽ പലരും ഇതിനകം എത്തിച്ചേർന്നിട്ടുണ്ട്​. ദേശീയപാത 44 ൽ കർഷകരുടെ ട്രാക്​ടറുകൾ കൊണ്ട്​ നിറഞ്ഞിട്ടുണ്ട്​.

കഴിഞ്ഞ ദിവസം രാത്രി ഗാസിപ്പൂരിലെ സമരഭൂമി ഒഴിപ്പിക്കാനുള്ള ശ്രമമാണ്​ കർഷകരെ പ്രകോപിപ്പിച്ചത്​. ഒഴിയാൻ ആവശ്യപ്പെട്ട്​ പൊലീസ്​ സമരഭൂമിയിൽ നോട്ടീസ്​ പതിച്ചിരുന്നു. രാത്രി 11 മണിക്കകം ഒഴിയണമെന്നാവശ്യപ്പെട്ട്​ കർഷക നേതാവ്​ രാകേഷ്​ ടികായത്തിന്‍റെ ടെന്‍റിലടക്കം പൊലീസ്​ നോട്ടീസ്​ പതിച്ചു. ജില്ലാ മജിസ്​ട്രേറ്റിന്‍റെ നേതൃത്വത്തിൽ വൻ സന്നാഹം സ്​ഥലത്തെത്തുകയും ചെയ്​തു. നേരത്തെ പൊലീസിന്‍റെ റൂട്ട്​മാർച്ചടക്കം സമരഭൂമിയിൽ അരങ്ങേറിയിരുന്നു. കർഷകരെ അറസ്റ്റ്​ ചെയ്​ത്​ കൊണ്ടുപോകാനുള്ള വാഹനങ്ങളടക്കം തയാറാക്കി നിർത്തുകയും ചെയ്​തു. റിപ്പബ്ലിക്​ ദിനത്തിൽ ട്രാക്​ടർ പരേഡിനിടെ ഉണ്ടായ സംഘർഷത്തിന്‍റെ ചുവടുപിടിച്ചായിരുന്നു സർക്കാർ നടപടി.

സമരത്തിൽ നിന്ന്​ പിൻമാറേണ്ടി വന്നാൽ ആത്മഹത്യ ചെയ്യുമെന്ന്​ പ്രഖ്യാപിച്ചാണ്​ കർഷക നേതാവ്​ രാകേഷ്​ ടികായത്ത്​ പ്രതികരിച്ചത്​. പൊലീസ്​ ശക്​തി കാണിച്ച്​ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ടികായത്തിന്‍റെ വൈകാരിക പ്രഖ്യാപനം ഏറ്റെടുത്ത കർഷകർ അർധരാത്രി തന്നെ സമരഭൂമികളിലേക്ക്​ പുറപ്പെടുകയായിരുന്നു. കർഷകർ നിലപാട്​ ശക്​തമാക്കിയതോടെ ഒഴിപ്പിക്കൽ നടപടി ഇപ്പോഴില്ലെന്ന്​ പറഞ്ഞ്​ സർക്കാർ പിൻവാങ്ങുകയായിരുന്നു. എന്നാൽ, ഏത്​ സമയവും സർക്കാർ ബലപ്രയോഗത്തിന്​ മുതിരുമെന്ന്​ സംശയിക്കുന്നതിനാൽ കൂടുതൽ കർഷകർ ഗ്രാമങ്ങളിൽ നിന്ന്​ കൂട്ടമായി പുറപ്പെടുകയാണെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

കർഷകർ സമരഭൂമികളിൽ നിന്ന്​ തിരിച്ചുപോകുകയാണെന്ന വ്യാജ പ്രചാരണം നടത്തി പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിനെ തടയിടാൻ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവർ ഉടനെ പുറപ്പെടുകയായിരുന്നെന്നും തിക്രിയിൽ പ്രക്ഷോഭരംഗത്തുള്ള വീരേന്ദർ ഹൂഡ പറയുന്നു.

ഗാസിപ്പൂരിൽ കഴിഞ്ഞ രാത്രിയുണ്ടായ സംഭവങ്ങൾ ഹരിയാനയിലെ കർഷകരെ സമരഭൂമിയിലേക്ക്​ പുറപ്പെടാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന്​ കർഷക നേതാക്കൾ പറയുന്നു.

വ്യാഴാഴ്ച രാത്രി തന്നെ കാപ്പ്​ പഞ്ചായത്തുകൾ ചേർന്ന്​ സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇന്നും നിരവധി കാപ്പ്​ പഞ്ചായത്തുകൾ​ ചേരുന്നുണ്ട്​. സമരത്തെ മുന്നോട്ട്​ കൊണ്ടപോകാനുള്ള തന്ത്രങ്ങൾ ആവിഷ്​കരിക്കാൻ കണ്ഡേല കാപ്പ്​ ഇന്ന്​ മഹാപഞ്ചായത്ത്​ വിളിച്ചിട്ടുണ്ട്​.

കർഷകരുടെ സമരത്തെ വില കുറച്ചുകാണിക്കാൻ സർക്കാർ ചില മാധ്യമങ്ങളുമായി ചേർന്ന്​ ഗൂഡാലോചന നടത്തുകയാണെന്ന്​ സമരരംഗത്തുള്ള കർഷകർ ആരോപിച്ചു. തരംതാഴ്​ന്ന തന്ത്രങ്ങളുപയോഗിച്ച്​ സമരത്തെ തകർക്കാനാണ്​ സർക്കാർ ശ്രമിക്കുന്നതെന്ന്​ കൈതാളിൽ നിന്ന്​ സമരഭൂമിയിലേക്ക്​ തിരിച്ച കർഷകൻ അജയകുമാർ പറയുന്നു. ഗൂഡാലോചന നടത്തി സമരത്തെ അടിച്ചൊതുക്കാനാണ്​ നീക്കം. ഇത്​ പൊതുജനം തിരിച്ചറിയുമെന്നും സമരത്തിന്​ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 


News Summary - farmers move to rejoin protest sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.