ദേഹത്തുകൂടെ ഥാർ കയറ്റിയിറക്കി, വസ്തുതർക്കത്തിൽ ​കർഷകന്റെ പെൺമക്കളെ മർദ്ദിച്ചും വസ്ത്രം വലിച്ചുകീറിയും ആക്രമിച്ച് ആൾക്കൂട്ടം

ഗണേഷ്പുര(മധ്യപ്രദേശ്): വസ്തുതർക്കത്തിന് പിന്നാലെ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം കർഷകന്റെ ദേഹത്തുകൂടെ ഥാർ ജീപ്പ് കയറ്റിയിറക്കി കൊലപ്പെടുത്തി. എതിർക്കാൻ ശ്രമിച്ച പെൺമക്കളെ ക്രൂരമായി മർദ്ദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി.

മധ്യപ്രദേശിലെ ഗണേഷ്പുര ഗ്രാമത്തിലാണ് സംഭവം. രാം സ്വരൂപ് ധക്കഡ് എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ അക്രമിസംഘം ആശുപത്രിയിലെത്തിക്കുന്നത് തടയുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ധക്കഡിന്റെ പെൺമക്കളെ ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തത്.

സംഭവത്തിൽ 18 പേരെ കൊലപാതകക്കുറ്റം ചുമത്തി​ അറസ്റ്റ് ചെയ്തതായി ഫത്തേഗഡ് പൊലീസ് അറിയിച്ചു. ഇതിനിടെ പ്രധാന പ്രതി മഹേന്ദ്ര നഗർ ബി.ജെ.പി നേതാവാണെന്ന് കോൺഗ്രസ് ആരോപിച്ചു. പിന്നാലെ ആരോപണം തള്ളി ബി.ജെ.പി നേതൃത്വവും രംഗത്തെത്തി.

ഭാര്യയോടൊപ്പം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു ധക്കഡിനെ മഹേന്ദ്ര നഗറിന്റെ നേതൃത്വത്തിൽ ആൾക്കൂട്ടം ആക്രമിച്ചത്. ആ​ക്രോശങ്ങളും നിലവിളിയും കേട്ട് ഓടിച്ചെ​ന്നപ്പോൾ പിതാവിനെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിക്കുന്നതാണ് ക​ണ്ടതെന്ന് ​പെൺകുട്ടികൾ പരാതിയിൽ പറയുന്നു.

പിതാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പെൺകു​ട്ടിയെ ചവിട്ടി വീഴ്തുകയും മുകളിൽ കയറി നിന്ന് മുടിയിൽ പിടിച്ച് വലിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികളും മൊഴി നൽകിയിട്ടുണ്ട്. മരക്കൊമ്പുകളും തടിക്കഷണങ്ങളുമായായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികളിലൊരാൾ മൊഴിയിൽ പറയുന്നു. പ്രധാന പ്രതിയായ മഹേന്ദ്ര ഇത് കണ്ട് ഓടി​യെത്തിയ ധക്കഡിന്റെ പെൺമക്കളിലൊരാളുടെ നെഞ്ചിൽ കയറിയിരുന്ന് വസ്ത്രം വലിച്ചുകീറി. കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയുതിർത്തു. ഇതിനിടെ, താർ ധക്കഡിന്റെ കാലിലൂടെ വീണ്ടും കയറ്റിയിറക്കി. രണ്ടുകാലുകളും സംഭവസ്ഥലത്തുതന്നെ ചതഞ്ഞരഞ്ഞുവെന്നും ​സാക്ഷിമൊഴികളിലുണ്ട്.

പ്രതികൾ തടഞ്ഞതോടെ ഗുരുതരമായി പരിക്കേറ്റ കർഷകനെ ഒരുമണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായതെന്ന് പൊലീസ് പറഞ്ഞു. ചെറുകിട കർഷക​രെ ഭൂമി വിൽക്കാൻ മഹേന്ദ്ര നഗർ നിർബന്ധിക്കുകയാണെന്ന് ധക്കഡിന്റെ കുടുംബം ​പറഞ്ഞു. ഇത് വിസമ്മതിച്ചതിന് പിന്നാലെയാണ് അതിക്രമമെന്നും കുടുംബം ​ആരോപിച്ചു.

മധ്യപ്രദേശിൽ അക്രമവും​ കൊള്ളയുമടക്കം സംഭവങ്ങൾ തുടരെ ആവർത്തിക്കുമ്പോഴും സർക്കാർ അനാസ്ഥ തുടരുകയാണെന്ന് കോൺഗ്രസ് എം.എൽ.എ റിഷി അഗർവാൾ പറഞ്ഞു. സംസ്ഥാനത്ത് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെ അനുമതിയോടെ ഒരുവിഭാഗം അക്രമികൾ അഴിഞ്ഞാടുകയാണ്. ഭരണതലത്തിലുള്ള സ്വധീനമാണ് ബി.ജെ.പി നേതാക്കൽ ദുരുപയോഗം ചെയ്യുന്നത്. പൊലീസ് ഇവരെ ഭയന്ന് അനുസരിക്കുകയാ​ണെന്നും റിഷി പറഞ്ഞു. ഇതിനിടെ, മുഖ്യപ്രതിയായ മഹേന്ദ്ര നഗർ ബി.ജെ.പി നേതാക്കൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പിയും രംഗത്തെത്തി. പ്രതികൾക്ക് ബി.ജെ.പി അംഗത്വമില്ലെന്ന് പാർട്ടി വക്താവ് ശിവം ശുക്ള പറഞ്ഞു. 

Tags:    
News Summary - Farmer crushed under Thar, his daughters beaten and stripped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.