വൽസാദ് ജില്ലാ കലക്ടർ ഭവ്യ വർമ്മയ്ക്ക് പരാതി നൽകാനെത്തിയ സുരേഷ് നായക്

മദ്യപാനിയായ മകന്റെ ക്രൂരതയിൽ തകർന്ന് കുടുംബം; ഭിന്നശേഷിക്കാരിയായ മകൾക്കൊപ്പം ദയാവധത്തിന് അനുമതി തേടി പിതാവ്

വൽസാദ് (ഗുജറാത്ത്): മദ്യപാനിയായ മകന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്കവയ്യാതെ ദയാവധത്തിന് അനുമതി തേടി അറുപത്തിയാറുകാരനായ പിതാവ്. ഗുജറാത്തിലെ വൽസാദ് സ്വദേശിയും റെയിൽവേയിലെ മുൻ ജീവനക്കാരനുമായ സുരേഷ്ഭായ് നായക് ആണ് തനിക്കും ഭാര്യയ്ക്കും ഭിന്നശേഷിക്കാരിയായ മകൾക്കും മരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയത്.

സുരേഷ്ഭായ് നായകിന്റെ ഇളയ മകൻ ഹേമന്ത് നായക് (43) കഴിഞ്ഞ 20 വർഷമായി മദ്യത്തിന് അടിമയാണെന്ന് പരാതിയിൽ പറയുന്നു. ദിവസവും മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാൾ മാതാപിതാക്കളെയും വീൽചെയറിൽ കഴിയുന്ന സഹോദരിയെയും ഉപദ്രവിക്കുന്നത് പതിവാണ്. പലതവണ പൊലീസിൽ പരാതി നൽകുകയും പൊലീസ് ഇടപെടുകയും ചെയ്തെങ്കിലും ഹേമന്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. ജീവിതം അസഹനീയമായതോടെയാണ് ഇങ്ങനെയൊരു കടുംകൈക്ക് മുതിർന്നതെന്ന് സുരേഷ്ഭായ് പറഞ്ഞു.

കുടുംബത്തിന്റെ ദുരവസ്ഥ കേട്ടറിഞ്ഞ വൽസാദ് ജില്ലാ കലക്ടർ ഭവ്യ വർമ്മ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.കെ. വർമ്മ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സുരേഷ്ഭായിയുടെ വീട്ടിലേക്ക് അയച്ച് സാഹചര്യം വിലയിരുത്തി. ഹേമന്ത് നായകിന് പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പീഡനം തുടരുകയാണെങ്കിൽ ക്രിമിനൽ കേസ് എടുത്ത് കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

ഹേമന്തിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ വരുംദിവസങ്ങളിൽ പൊലീസ് സംഘം വീട് സന്ദർശിക്കും. മദ്യപാനിയായ അനുജന്റെ ശല്യം കാരണം ഇവിടുത്തെ മൂത്ത മകനും നിസ്സഹായാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. സുരേഷ്ഭായിയെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.

Tags:    
News Summary - Family devastated by alcoholic son's cruelty; Father seeks permission for euthanasia with disabled daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.