ന്യൂഡൽഹി: റെയിൽ പാളത്തിൽ മേൽനോട്ടം നടത്തുന്നതിനിടെ ഐ.ആർ.ടി.എസ് ഉദ്യോഗസ്ഥനായ യാദവേന്ദ്ര സിങ് ഭാട്ടി തീവണ്ടി ഇടിച്ച് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. മധ്യപ്രദേശിൽ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെ സോണിൽ ഏരിയ മാനേജറായിരുന്നു അദ്ദേഹം.
ഓഫീസിൽ നിന്ന് നിരന്തരമായി മാനസിക പീഡനം ഏറ്റിരുന്നുവെന്നും ഇത് കരുതിക്കൂട്ടി ചെയ്തതാകാമെന്നുമാണ് കുടുംബാംഗങ്ങൾ സംശയിക്കുന്നത്.
ജൂൺ 23നാണ് യാദവേന്ദ്ര മരിക്കുന്നത്. സംഭവം നടന്ന ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാട്ടിയയെ ഇടിച്ച ട്രെയിൻ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാണ് ഭാര്യ വർഷ ചലോത്ര ആരോപിക്കുന്നത്. ഇവരും ഐ.ആർ.ടി.എസ് ഉദ്യോഗസ്ഥയാണ്.
ജോലി പുരോഗമിക്കുന്ന പ്രദേശത്തുകൂടി മണിക്കൂറിൽ 30 കി.മീ വേഗതയിൽ മാത്രമേ തീവണ്ടി പോകാവുള്ളു എങ്കിലും 80 കി.മീ വേഗതയിലാണ് അപകട ദിവസം വണ്ടി വന്നത്.
ഇതിനെതിരെ പരാതികൾ നൽകിയിട്ടും റെയിൽവെ ഇതുവരെ പരിഗണിച്ചിട്ടില്ല. അന്വേഷണം വേണമെന്ന ആവശ്യവുമായി ഷാദോളിലെ റെയിൽവെ പൊലീസിന് യാദവേന്ദ്രയുടെ അമ്മ പരാതി നൽകിയിരുന്നു. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. വീണ്ടും അതേ സ്റ്റേഷനിലും മധ്യ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയെങ്കിലും നടപടി എടുത്തില്ല. ഇതുവരെ റെയിൽവെയിൽ നിന്ന് മരണത്തിൽ ഒരു അനുശോചനവും ഉണ്ടായിട്ടില്ല.
രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ യാദവേന്ദ്ര 2018 ബാച്ചിലുള്ള ഐ.ആർ.ടി.എസ് ഉദ്യോഗസ്ഥനാണ്. ബൈകുണ്ഡപുരത്ത് ബിലാസ്പൂർ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെ സോണിൽ ഏരിയ മാനേജറായി നിയമിതനായതാണ് അദ്ദേഹം. കഴിഞ്ഞ മെയ് 24നായിരുന്നു യാദവേന്ദ്രയുടെ വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.