കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെ, സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചെന്ന പരാതിയിൽ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽറ്റ മണ്ഡലത്തിൽ വോട്ടെടുപ്പ് വീണ്ടും നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. മണ്ഡലത്തിലെ ആകെ 285 പോളിങ് ബൂത്തുകളിലും മെയ് 21ന് റീപോളിങ് നടക്കും. ഇതോടെ മേയ് നാലിന് സംസ്ഥാനത്തെ 293 സീറ്റുകളിലെ ഫലം അറിയാമെങ്കിലും, ഫാൽറ്റയിലെ വോട്ടെണ്ണൽ 24ലേക്ക് നീളും.
29ന് നടന്ന വോട്ടെടുപ്പിനിടെ വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, ബൂത്തുകളിൽ അനധികൃതമായി ആളുകൾ പ്രവേശിക്കൽ, ഇ.വി.എം കൃത്രിമത്വം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നിരീക്ഷകർ റിപ്പോർട്ട് ചെയ്തിരുന്നു.
സ്ഥാനാർഥിയുടെ ചിഹ്നത്തിന് മുകളിൽ വെളുത്ത ടേപ്പ് ഒട്ടിച്ച് വോട്ട് തടയാൻ ശ്രമിച്ചതായി ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ വീഡിയോ സഹിതം ആരോപിച്ചിരുന്നു. 177, 144, 189 തുടങ്ങിയ ബൂത്തുകളിൽ ഇത്തരം ക്രമക്കേടുകൾ നടന്നതായി ബി.ജെ.പി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡെയും പരാതിപ്പെട്ടു.
ഫാൽറ്റയിലെ ബെൽസിങ് പ്രദേശത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച സംഘത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന ലാത്തി വീശിയതും സംഘർഷത്തിന് കാരണമായി. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായി പ്രതിഷേധക്കാർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബി.ജെ.പി സ്വാഗതം ചെയ്തപ്പോൾ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഇതിനെ ശക്തമായി വെല്ലുവിളിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ ജഹാംഗീർ ഖാൻ, ബി.ജെ.പിയുടെ ദേബാങ്ഷു പാണ്ഡെ, കോൺഗ്രസിന്റെ അബ്ദുർ റസാഖ് മൊല്ല, സി.പി.എമ്മിന്റെ ശംഭു നാഥ് കുർമി എന്നിവർ തമ്മിലുള്ള ചതുഷ്കോണ മത്സരത്തിനാണ് ഫാൽറ്റ സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.