ന്യൂഡൽഹി: ഒരുമിച്ച് കഴിഞ്ഞവർ പിരിയുമ്പോൾ ബലാത്സംഗക്കുറ്റം ആരോപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹം ചെയ്യാമെന്ന വാഗ്ദാനം പാലിക്കാത്ത യുവാവിനെതിരെ യുവതി നൽകിയ പരാതിയിൽ
രാജസ്ഥാൻ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഇവരുടെ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്.
പരാതിക്കാരി ഈ ബന്ധം താത്പര്യത്തോടെ തുടങ്ങിയതാണ്. ബന്ധം തുടരാനാകാത്തത് ബലാത്സംഗകുറ്റം ചുമത്താനുള്ള വഴിയല്ല -കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഹേമന്ത് ഗുപ്തയും വിക്രം നാഥുമടങ്ങിയ രണ്ടംഗ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാജസ്ഥാൻ ഹൈകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി വന്നത്.
വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് യുവതിയുമായി ബന്ധത്തിലേർപ്പെട്ടത്. അതിലൊരു പെൺകുഞ്ഞും ജനിച്ചു. എന്നിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല. അതിനാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് മുൻകൂർ ജാമ്യത്തിന് അർഹനല്ലെന്നായിരുന്നു രാജസ്ഥാൻ ഹൈകോടതി ഉത്തരവ്.
യുവാവും യുവതിയും നാലു വർഷമായി ബന്ധം തുടരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു ബന്ധം തുടങ്ങിയപ്പോൾ യുവതിക്ക് 21 വയസ് പൂർത്തിയായിരുന്നു. യുവതി സ്വന്തം താത്പര്യപ്രകാരമാണ് ബന്ധം തുടർന്നതെന്നാണ് വസ്തുതകൾ പറയുന്നത്. ഇപ്പോൾ ബന്ധം തകർന്നു. അത് തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നകുറ്റം ചുമത്താനുള്ള കാരണമല്ല - സുപ്രീം കോടതി നിരീക്ഷിച്ചു.
ഇത് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനു വേണ്ടിയുള്ള നിരീക്ഷണങ്ങൾ മാത്രമാണ്. കേസിലെ അന്വേഷണത്തെ ഈ നിരീക്ഷണങ്ങൾ ബാധിക്കില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.