ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് ഒരു കേസിൽ കൂടി ജാമ്യം; പുറത്തിറങ്ങാനാകില്ല

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഒരു കേസിൽ കൂടി ജാമ്യം ലഭിച്ചു. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ഉത്തർപ്രദേശിൽ നിരവധി കേസുകളുള്ളതിനാൽ സുബൈറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. യു.പി പൊലീസ് ഫയൽ ചെയ്ത ആറു കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

2018ൽ ട്വിറ്ററിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന കേസിലാണ് പാട്യാല ഹൗസ് കോടതിയിലെ അഡിഷനൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗാലയാണ് സബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി 50,000 രൂപ അടക്കണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിടരുത് തുടങ്ങിയ ഉപാധികളും കോടതി നിശ്ചയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 27നാണ് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് കേസുകളിൽ സുബൈറിനെ ഹാത്രസ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ നേരത്തെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുബൈർ സെഷൻസ് കോടതിയെ സമീപിച്ചത്.

നിലവിൽ ആറു കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. സീതാപൂർ, ലഖിംപൂർ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫർനഗർ എന്നിവിടങ്ങളിലായി സുബൈറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനായി യു.പി പൊലീസ് കഴിഞ്ഞ ദിവസം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

വാർത്തകളുടെ വസ്തുത പരിശോധിക്കുന്ന സമാന്തര മാധ്യമസ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പരാമർശം പുറത്തുകൊണ്ടുവന്നത് ആൾട്ട് ന്യൂസ് ആയിരുന്നു.

Tags:    
News Summary - Fact-Checker M Zubair Gets Bail In Case By Delhi Police, But Stays In Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.