ന്യൂഡൽഹി : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന ആഗ്രഹം പറയുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ പ്രദേശ് ഹൈകോടതി. പാകിസ്താൻ പതാകയുടെയും, നിരോധിത ആയുധങ്ങളുടെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തയാൾക്ക് ജാമ്യം അനുവദിച്ചാണ് ഹൈകോടതിയുടെ നിരീക്ഷണം.
അഭിഷേക് സിങ് ഭരദ്വാജ് എന്നയാൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഓപറേഷൻ സിന്ദൂറിനെ വിമർശിക്കുകയും പാകിസ്താൻ പൗരനുമായി ആശയ വിനിമയം നടത്തുകയും ചെയ്തെന്ന കുറ്റവും അഭിഷേകിനെതിരെ ചുമത്തിയിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ ഇന്ത്യൻ സർക്കാറിനുനേരെ വിദ്വേഷമോ, ദേശവിരുദ്ധ പരാമർശമോ നടത്തിയെന്ന് ആരോപിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
“വിഡിയോയും ചിത്രങ്ങളും അടങ്ങുന്ന പെൻഡ്രൈവ് പരിശോധിച്ചു. പരാതിക്കാരൻ ഒരാളോട് ചാറ്റ് ചെയ്തതായി പ്രഥമദൃഷ്ട്യാ കാണുന്നു. ഇരുവരും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയെ വിമർശിക്കുന്നുണ്ട്. മതപരമായ വിവേചനമില്ലാതെ എല്ലാവരും ഒരുമിക്കണമെന്നും യുദ്ധം നിരർഥകമാണെന്നും അവർ പറയുന്നു. ശത്രുത അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കണമെന്ന് പറയുന്നതിനെ രാജ്യദ്രോഹമായി കാണാൻ ബുദ്ധിമുട്ടുണ്ട്” -വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
നിരോധിത ആയുധങ്ങളുടെ ചിത്രം ഫോസ്ബുക്കിൽ അപ്‌ലോഡ് ചെയ്തെന്ന വിവരത്തെത്തുടർന്ന് കഴിഞ്ഞ മേയിൽ ഭരദ്വാജിന്‍റെ വീട്ടിൽ ഹിമാചൽ പൊലീസ് പരിശോധന നടത്തുകയും പിന്നാലെ ബി.എൻ.എസിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയുമായിരുന്നു. വീട്ടിൽനിന്ന് നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായില്ലെങ്കിലും ഫേസ്ബുക്ക് പോസ്റ്റിൽ ഖലിസ്താനെ പിന്തുണക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം (ബി.എൻ.എസ് സെക്ഷൻ 152) ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.