ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ തെരുവു നായ്ക്കൾക്കായുള്ള വന്ധ്യംകരണ കേന്ദ്രത്തിനു പുറത്ത് പ്രതിഷേധം. രോഹിണിയിലെ സെക്ടർ 27ൽ സ്ഥിതി ചെയ്യുന്ന എ.ബി.സി ഷെൽട്ടറിനുള്ളിൽ നായ്ക്കൾക്കെതിരെ ക്രൂരത കാണിച്ചതായി വളണ്ടിയർമാർ ആരോപിച്ചു. ഷെൽട്ടറിനുള്ളിൽ നിന്നുള്ള നായ്ക്കളുടെ വിഡിയോയും അവർ പങ്കിട്ടു. ഷെൽട്ടറിനുള്ളിലെ നായ്ക്കളെ ഉദ്യോഗസ്ഥർ കൊല്ലുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പുറത്തുവന്ന വിഡിയോകളിലൊന്നിൽ, ഉദ്യോഗസ്ഥർ നായ്ക്കളിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് ഒരു നായ പ്രേമി ആരോപിക്കുന്നു. വന്ധ്യംകരണ ഷെൽട്ടറിന്റെ അവസ്ഥ ദയനീയമാണെന്നും കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. നായ ഇറച്ചിയുടെ കച്ചവടം നടത്തുന്നതായും ഇതിൽ അവിടുത്തെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും ഒരു ആക്ടിവിസ്റ്റ് അവകാശപ്പെട്ടു. ബഹളത്തെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് വിന്യാസം ഏർപ്പെടുത്തി. പൊലീസ് തങ്ങൾക്കെതിരെ ബലപ്രയോഗം നടത്തിയതായി ചില വളണ്ടിയർമാരും അവകാശപ്പെട്ടു.
രോഹിണിയിലെ നായ സംരക്ഷണ കേന്ദ്രം മാത്രമല്ല, മറിച്ച് ഡൽഹിയിലെ എല്ലാ നായ സംരക്ഷണ കേന്ദ്രങ്ങളുടെയും അവസ്ഥ ദയനീയമാണെന്നും മൃഗസംരക്ഷണ പ്രവർത്തകനായ സാംക്ഷേ ബാബർ ആരോപിച്ചു. രോഹിണി ഷെൽട്ടർ ഹോമിലെ 103 നായ്ക്കളെ മോചിപ്പിച്ചതായും ഇയാൾ അവകാശപ്പെട്ടു.
ആഗസ്റ്റ് 11ന് ഡൽഹി-എൻ.സി.ആറിലെ എല്ലാ തെരുവ് നായ്ക്കളെയും ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവു വന്ന ദിവസം രോഹിണിയിലെ നായ സംരക്ഷണ കേന്ദ്രത്തിനു പുറത്ത് ആക്ടിവിസ്റ്റുൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വന്ധ്യംകരണത്തിനു ശേഷം തെരുവ് നായ്ക്കളെ വിട്ടയക്കാൻ പിന്നീട് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ, ആക്രമണകാരികളെയും ക്രൂരതയുള്ളവയെയും ഷെൽട്ടറുകളിൽ നിലനിർത്താ അധികാരികൾക്ക് നിർദേശം നൽകി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വാർഡുകളിൽ നായ്ക്കൾക്കായി തീറ്റ മേഖലകൾ സൃഷ്ടിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഒരു പൊതുപ്രവർത്തകനെ അവരുടെ ജോലി ചെയ്യുന്നതിൽ നിന്ന് തടസ്സപ്പെടുത്തിയാൽ അധികൃതർ ഉത്തരവാദികളായിരിക്കുമെന്നും കോടതി പറഞ്ഞു.
തെരുവ് നായ്ക്കളുടെ ഭീഷണി സംബന്ധിച്ച നടപടികളുടെ പരിധി സുപ്രീംകോടതി വിപുലീകരിക്കുകയും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശീയ നയം രൂപീകരിക്കുന്നതിനെക്കുറിച്ച് കോടതി അവരുടെ പ്രതികരണം തേടിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.