'വിചാരണക്ക് മുൻപുള്ള തടവുകാലം തന്നെ ശിക്ഷയായി മാറുന്നു'; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതിൽ പ്രതികരിച്ച് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റം തെളിയുന്നതിനോ അല്ലെങ്കിൽ വിചാരണ പൂർത്തിയാകുന്നതിനോ മുൻപുള്ള നീണ്ട തടവുകാലം തന്നെ ശിക്ഷയായി മാറുകയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും, നീണ്ടുപോകുന്ന നിയമനടപടികളും ചൂണ്ടിക്കാട്ടി എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വ്യക്തിയുടെ കുറ്റം തെളിയിക്കപ്പെട്ട ശേഷമുള്ള ശിക്ഷ മാത്രമായിരിക്കണം തടവറ. എന്നാൽ നിലവിലെ നീതിന്യായ വ്യവസ്ഥയിൽ വിചാരണ നടപടികൾ തന്നെ വ്യക്തികൾക്കുള്ള ശിക്ഷയായി മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവേ ജാമ്യം നൽകുന്ന കാര്യത്തിൽ ഉദാരമായ നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. കോടതികളിൽ ജാമ്യം തത്വത്തിൽ ഒരു സ്വാഭാവിക അവകാശമായിരിക്കണമെന്നും കുറ്റം തെളിയിക്കപ്പെടുന്നത് വരെ കരുതൽ തടങ്കലുകൾ ശിക്ഷയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല കേസുകളിലും ജാമ്യം ലഭിക്കാത്ത അവസ്ഥയും തടവുകാലത്തിന്റെ നീളവും ചൂണ്ടിക്കാട്ടി മുൻപും സുപ്രീം കോടതി ജഡ്ജിമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജസ്റ്റിസ് സുന്ദരേഷിനൊപ്പം ബെഞ്ചിലിരുന്ന് ജാമ്യ തത്വങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് ആളുകൾ കാലങ്ങളായി കസ്റ്റഡിയിൽ തുടരുന്നതെന്നതിനെക്കുറിച്ചും വിശദമായ വിധിന്യായം പുറപ്പെടുവിച്ചിരുന്ന കാര്യവും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പിന്നിൽ പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. യു.എ.പി.എ നിയമപ്രകാരം ചാർജ് ചെയ്ത കേസിൽ ഇരുവരുടെയും ജാമ്യാപേക്ഷകൾ സുപ്രീം കോടതിയും ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു. 53 പേരുടെ മരണത്തിനും 700ലധികം ആളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ കലാപത്തിന് പിന്നിൽ ഇവർക്ക് ഗൂഢാലോചന പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.

ഓക്ടോബർ 31ന് റിലീസ് ചെയ്യാനിരിക്കുന്ന തന്റെ ആത്മകഥയായ "വിത്തൗട്ട് ഫിയർ ഓർ ഫേവർ" എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ജസ്റ്റിസ് കൗൾ രാജ്യത്തെ ജാമ്യ നിയമങ്ങളെക്കുറിച്ചും നീതിന്യായ വ്യവസ്ഥയിലെ കാലതാമസത്തെക്കുറിച്ചും നിർണ്ണായക അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. 

Tags:    
News Summary - 'Process becomes punishment in our system': Ex-SC judge Sanjay Kaul on Umar Khalid, Sharjeel Imam bail pleas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.