കൊൽക്കത്ത: റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ശൈഖ് ഷാജഹാന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തിനുനേരെ ആൾക്കൂട്ട ആക്രമണം. പാർട്ടി പ്രവർത്തകരെന്ന് കരുതുന്നവർ ഇ.ഡി ഉദ്യോഗസ്ഥരെയും സുരക്ഷ ജീവനക്കാരെയും മർദിക്കുകയും വാഹനങ്ങൾ കേടുവരുത്തുകയും ചെയ്തു. സാരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും മർദനമേറ്റു.
വെള്ളിയാഴ്ച രാവിലെയാണ് ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിലുള്ള ഷാജഹാന്റെ വീട്ടിൽ ഡൽഹി ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. സംസ്ഥാനത്തെ മറ്റ് 15 സ്ഥലങ്ങളിലും ഇതേസമയം റെയ്ഡ് നടക്കുന്നുണ്ടായിരുന്നു. റേഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി ജ്യോതിപ്രിയോ മാലിക്കുമായി അടുത്ത ബന്ധമുള്ളയാളാണ് ഷാജഹാൻ.
ഇ.ഡി സംഘമെത്തി വീടിന്റെ ഗേറ്റ് തുറക്കാൻ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നതിനാൽ പൂട്ട് തകർക്കാൻ ശ്രമിക്കുമ്പോൾ ആൾക്കൂട്ടം തടയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. വാഹനങ്ങൾ തകർത്തതിനാൽ ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമാണ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. എസ്.പി ഉൾപ്പെടെ മുതിർന്ന പൊലീസ് അധികൃതരെ വിവരമറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.
അതേസമയം, പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുതിർന്ന ഐ.പി.എസ് ഓഫിസർ പ്രതികരിച്ചു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഷാജഹാൻ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണെന്നും മുതിർന്ന ബി.ജെ.പി നേതാവ് രാഹുൽ സിൻഹ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.