വാഗമണ്‍ സിമി ക്യാമ്പ്; 31ാം പ്രതി കൊല്ലപ്പെട്ടത് വിചാരണ തുടങ്ങാനിരിക്കെ

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടത് വിചാരണ തുടങ്ങാനിരിക്കെ. കേസിലെ 31ാം പ്രതിയായ ഗുഡു, ഷെയ്ഖ് മെഹബൂബ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെഹബൂബ് മാലിക്കാണ് തിങ്കളാഴ്ച മധ്യപ്രദേശിലെ ഭോപാലില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മെഹബൂബ് അടക്കം 38 പ്രതികള്‍ക്കെതിരെ വിചാരണ നടപടികള്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ തുടങ്ങാനിരിക്കെയാണ് കൊല്ലപ്പെടുന്നത്.

ഇവരടക്കം ഇതര സംസ്ഥാന ജയിലുകളില്‍ കഴിയുന്ന പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്കിടവരുത്തുമെന്ന എന്‍.ഐ.എ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയാണ് വിചാരണ തീരുമാനിച്ചിരുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ മാസങ്ങളായി വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഒരുക്കുന്നതിന്‍െറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു.

മാലിക്കിനെയും 36ാം പ്രതി മുഹമ്മദ് അബൂ ഫൈസല്‍ ഖാന്‍ എന്നിവരെയാണ് ഭോപാല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. എറണാകുളം കോടതിയിലെ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏറെക്കുറെ പൂര്‍ത്തിയാക്കി അഹമദാബാദ് അടക്കമുള്ള സിമി കേസിലെ പ്രതികളെ പാര്‍പ്പിച്ച ജയിലുമായി ബന്ധിപ്പിച്ചിരുന്നു. ഭോപാല്‍ ജയിലുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു.

ഇത് കൂടി പൂര്‍ത്തിയായാല്‍ വൈകാതെ തന്നെ വിചാരണ തുടങ്ങാനായിരുന്നു തീരുമാനം. വാഗമണ്‍ കേസിലെ രണ്ട് പ്രതികള്‍ ഒഴികെയുള്ളവര്‍ പിടിയിലായിരുന്നു. പിടിയിലായവര്‍ വാഗമണ്‍ കേസടക്കം പല കേസുകളില്‍ വിചാരണ കാത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ഖാണ്ഡവ ജയിലില്‍ കഴിയവെ മാലിക്കിനെ 2016 ല്‍ മധ്യപ്രദേശ് പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

വാഗമണ്‍ കേസിലെ തെളിവെടുപ്പിനുശേഷം വീണ്ടും മധ്യപ്രദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഖാണ്ഡവ ജയിലില്‍നിന്ന് ചാടിയ മാലിക്കിനെ ഈ വര്‍ഷം ഫെബ്രുവരിയില്‍ തെലുങ്കാന പൊലീസ് അറസ്റ്റ് ചെയ്ത് ഭോപാല്‍ ജയിലിലേക്ക് മാറ്റി. 2015 ഡിസംബര്‍ 31നാണ് മാലിക്കിനെ 31ാം പ്രതിയാക്കി എന്‍.ഐ.എ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് ശേഷമായിരുന്നു അറസ്റ്റ്.

2007ല്‍ കേരളത്തിലത്തെിയ മാലിക് മറ്റ് പ്രതികള്‍ക്കൊപ്പം വാഗമണ്ണിലെ തങ്ങള്‍ പാറയില്‍ ക്യാമ്പ് നടത്തിയെന്നായിരുന്നു കേസ്. ആയുധങ്ങളടക്കമുപയോഗിച്ച് നടത്തിയ ക്യാമ്പില്‍ പരിശീലനം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തിയാണ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

വിശദീകരണത്തില്‍ പൊരുത്തക്കേടുകളേറെ

ഭോപാലില്‍ ജയില്‍ ചാടിയ വിചാരണ തടവുകാരായ എട്ടു സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന മധ്യപ്രദേശ് സര്‍ക്കാര്‍ വിശദീകരണത്തില്‍ ദുരൂഹതക്കുപുറമേ പൊരുത്തക്കേടുകളും. പ്രധാന പൊരുത്തക്കേടുകള്‍ ഇവയാണ്:

കൊല്ലപ്പെട്ട ഒരാളുടെ വയറിന്‍െറ ഭാഗത്തുനിന്ന് കത്തി പോലെ മൂര്‍ച്ച വരുത്തിയ പാത്രക്കഷണം ഒരു പൊലീസുകാരന്‍ വലിച്ചൂരുന്നതായും വിഡിയോവില്‍ കാണിക്കുന്നു. ആയുധപ്രയോഗം അറിയുന്നവര്‍ വയറിന്‍െറ ഒത്ത നടുവിലായി ബെല്‍റ്റില്‍ കത്തി തിരുകില്ല. എട്ടംഗ സംഘം പൊലീസിനെ വെടിവെച്ചെന്ന് പറയുമ്പോള്‍തന്നെ, കണ്ടെടുത്തതായി പറയുന്ന മൂന്നു നാടന്‍ തോക്കുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തടവുകാര്‍ എങ്ങനെ സംഘടിപ്പിച്ചെന്ന ചോദ്യവും ബാക്കി.  

മധ്യപ്രദേശിലെ ഏറ്റവും സുരക്ഷിതമായ, ശക്തമായ കാവലുള്ള സെന്‍ട്രല്‍ ജയിലാണ് ഭോപാലിലേത്. എട്ടു തടവുകാരുടെ ജയില്‍ ചാട്ടത്തിനിടയില്‍ അവര്‍ക്ക് രണ്ടു പൊലീസുകാരെ മാത്രമാണ് നേരിടേണ്ടിവന്നത്. സ്റ്റീല്‍ പാത്രം മുറിച്ചും സ്പൂണ്‍ മൂര്‍ച്ച വരുത്തിയും ഉണ്ടാക്കിയ ആയുധങ്ങള്‍ കൊണ്ട് ഒരാളെ കൊന്നു. മറ്റൊരാളെ പരിക്കേല്‍പിച്ചു. ബഡ്ഷീറ്റ് കൂട്ടിക്കെട്ടി കയറാക്കി ജയില്‍ ഭിത്തിക്ക് മുകളില്‍ വലിഞ്ഞുകയറി, ചാടി രക്ഷപ്പെട്ടു. ‘ഭീകരര്‍’ക്ക് പ്രത്യേക കാവലുണ്ടായിട്ടും, ഇത്രയും നടന്നത് ജയിലിലെ മറ്റ് കാവല്‍ക്കാര്‍ അറിഞ്ഞില്ല.

തടവുചാടാന്‍ ശ്രമിച്ചവരെ ജയിലിനുള്ളില്‍തന്നെ കീഴ്പ്പെടുത്തുകയും പിന്നീട് വിജനമായ പ്രദേശത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ഇതിനിടയില്‍ പുറത്തുവരുന്നുണ്ട്. പൊലീസാകട്ടെ, തടവുകാരെ പിടികൂടിയ കഥയോ ജയിലിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളെക്കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരോട് സംഭവങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയതുമില്ല.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ മുമ്പ് നടന്നിട്ടുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലകളെ ഓര്‍മിപ്പിക്കുന്നതാണ് എട്ടു പേരെ കൂട്ടത്തോടെ വെടിവെച്ചു കൊന്ന മധ്യപ്രദേശ് പൊലീസിന്‍െറ നടപടി. നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം പൊലീസുകാരുടെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം ഇന്ന് മധ്യപ്രദേശാണ്.

 

Tags:    
News Summary - encounter, bhopal jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.