ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനും രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു ചെലവ് സുതാര്യമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ജനവികാരം മനസ്സിലാക്കണമെന്ന് പുതുവത്സര തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ലോക്സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തുന്നത് ചെലവുകുറക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമുള്ള സംഭാവനകള്‍ അഴിമതിക്കും കള്ളപ്പണത്തിനും വഴിവെക്കുന്നതില്‍ ജനങ്ങള്‍ക്ക് രോഷമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് സംവിധാനവും മെച്ചപ്പെടുത്തുന്ന കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട സമയമായെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിക്കുനേരെതന്നെ അഴിമതിയാരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരിക്കെ, സത്യസന്ധതയുടെ ഗാന്ധിമാര്‍ഗത്തെക്കുറിച്ചാണ് നരേന്ദ്ര മോദി പ്രസംഗത്തില്‍ കൂടുതലായി സംസാരിച്ചത്. നോട്ട് അസാധുവാക്കിയ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ നന്മയുള്ളവരാണ്. എന്നാല്‍, അഴിമതിയുടെയും കള്ളപ്പണത്തിന്‍െറയും മോശം അന്തരീക്ഷം സത്യസന്ധരെ മടുപ്പിക്കുന്നു. അതില്‍നിന്ന് പുറത്തുവരാനുള്ള ആഗ്രഹമാണ് നോട്ട് അസാധുവാക്കലോടെ കണ്ടത്.
കള്ളപ്പണം, കള്ളനോട്ട് എന്നിവക്കെതിരായ ആഭ്യന്തരയുദ്ധത്തിലെ വിഷമതകളെ പുഞ്ചിരിയോടെ ജനം അഭിമുഖീകരിക്കുന്നതാണ് കണ്ടത്. അങ്ങേയറ്റം അച്ചടക്കമുള്ള ജനശക്തിയെയാണ് 50 ദിവസമായി കണ്ടത്. സത്യസന്ധര്‍ക്ക് അസത്യവാദികളെ തോല്‍പിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. സമാനതയില്ലാത്ത സഹനമാണ് കണ്ടത്. സര്‍ക്കാറിനോട് ജനങ്ങള്‍ക്ക് അമര്‍ഷമുള്ള പതിവുരീതി വിട്ട് ജനവും സര്‍ക്കാറും ഒന്നിച്ചുപ്രവര്‍ത്തിച്ചു.
സ്വന്തം പണം പിന്‍വലിക്കാന്‍ നേരിടുന്ന പ്രയാസത്തെക്കുറിച്ച് ഒട്ടേറെ പരിദേവനങ്ങള്‍ തനിക്ക് നേരിട്ട് ലഭിച്ചു. എന്നാല്‍, അതിന്‍െറ ഉദ്ദേശ്യലക്ഷ്യത്തെ അവരെല്ലാം പിന്തുണച്ചു. ബാങ്കിങ് സംവിധാനം ഏറ്റവും പെട്ടെന്ന് നേരെയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പണമിടപാട് രംഗത്ത് പരിധിവിട്ട് നോട്ട് ഉണ്ടായിരിക്കുന്നത് അപകടമാണ്. ഇന്ത്യയെപ്പോലുള്ള മറ്റു രാജ്യങ്ങളില്‍ നമുക്കുള്ളത്ര നോട്ട് പ്രചാരത്തിലില്ല. കൂടിയ അളവില്‍ നോട്ട് ഉണ്ടാവുന്നത് സമാന്തര സമ്പദ്വ്യവസ്ഥക്കും കരിഞ്ചന്തക്കും വഴിവെക്കും.
രാംമനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനുമൊക്കെ ജീവിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ ഉദ്യമത്തെ പിന്തുണച്ചേനെ. സര്‍ക്കാറിന്‍െറ പക്കലെ വിവരമനുസരിച്ച് വാര്‍ഷികവരുമാനം 10 ലക്ഷത്തില്‍ കൂടുതലുണ്ടെന്ന് രേഖപ്രകാരം സമ്മതിക്കുന്നവര്‍ രാജ്യത്ത് 24 ലക്ഷം പേര്‍ മാത്രമാണ്. മുന്തിയ ബംഗ്ളാവും ആഡംബര കാറുകളുമൊക്കെ കണ്‍മുന്നില്‍ നിറയുമ്പോള്‍ തന്നെയാണിത്. അതുകൊണ്ട് സത്യസന്ധതക്കായി ഒരു മുന്നേറ്റം തന്നെ വേണം. കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കുമെതിരെ നിയമം അതിന്‍െറ വഴിക്ക് പൂര്‍ണശക്തിയോടെ നീങ്ങും. സര്‍ക്കാറിന്‍െറ ചിന്ത സത്യസന്ധരെ എങ്ങനെ സഹായിക്കാം എന്നാണ്.
സത്യസന്ധരല്ലാത്തവരെ ഒറ്റപ്പെടുത്താന്‍ കഴിയണം. നോട്ട് അസാധുവാക്കല്‍ പ്രക്രിയ മുതലാക്കാന്‍ ശ്രമിച്ചവരെ വെറുതെ വിടില്ല. മഹാത്മ ഗാന്ധി നടത്തിയ ചമ്പാരണ്‍ സത്യഗ്രഹത്തിന്‍െറ ശതാബ്ദി വര്‍ഷമായ 2017ല്‍ ഗാന്ധിജിയുടെ വഴി ഉയര്‍ത്തിക്കാട്ടുന്ന പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.