ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. ഡി.എം.കെ രാജ്യസഭാംഗങ്ങളായ അഡ്വ. വിൽസൺ, എം. ഷൺമുഖം, എം.എം. അബ്ദുല്ല, എം.ഡി.എം.കെ നേതാവ് വൈകോ, അണ്ണാ ഡി.എം.കെയിലെ ചന്ദ്രശേഖരൻ, പാട്ടാളി മക്കൾ കക്ഷി നേതാവ് ഡോ. അൻപുമണി രാമദാസ് എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്. ഈ സീറ്റുകളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം ജൂൺ രണ്ട് മുതൽ ഒമ്പത് വരെ നടക്കും. ജനപ്രതിനിധികളുടെ എണ്ണം കണക്കിലെടുത്താൽ ഡി.എം.കെ സഖ്യത്തിന് നാല് രാജ്യസഭാ സീറ്റുകളും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിച്ചേക്കും.
മക്കൾ നീതിമയ്യം പ്രസിഡന്റും നടനുമായ കമൽഹാസന് ഡി.എം.കെ നേരത്തെ തന്നെ രാജ്യസഭ സീറ്റ് വാഗ്ദാനം നൽകിയിരുന്നു. എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോക്ക് വീണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുണ്ട്. ഡി.എം.കെയുടെയും തമിഴ്നാട് സർക്കാറിന്റെയും കേസുകളും മറ്റു നിയമ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന സംഘത്തിന് നേതൃത്വം നൽകുന്ന വിൽസണിന് വീണ്ടും സീറ്റ് നൽകിയേക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ സീറ്റ് ധാരണയുടെ ഭാഗമായി ഡി.എം.ഡി.കെക്ക് ഒരു രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പാർട്ടി നേതാവ് പ്രേമലത വിജയ്കാന്ത് പ്രസ്താവിച്ചിരുന്നുവെങ്കിലും അത്തരമൊരു ഉറപ്പ് നൽകിയിരുന്നില്ലെന്ന് അണ്ണാ ഡി.എം.കെ ജന.സെക്രട്ടറി എടപ്പാടി പളനിസാമി പിന്നീട് പറഞ്ഞിരുന്നു.
അണ്ണാ ഡി.എം.കെയുടെ പിന്തുണയോടെ രാജ്യസഭാംഗമായ ഡോ.അൻപുമണി രാമദാസ് എം.പി സ്ഥാനത്ത് തുടരാൻ ശ്രമം നടത്തുന്നുണ്ട്. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിൽ ചേരാൻ രാജ്യസഭ സീറ്റ് മുഖ്യ ഉപാധിയായി ഇവർ മുന്നോട്ടുവെച്ചേക്കും. അണ്ണാ ഡി.എം.കെ സഖ്യത്തിന് ലഭിച്ചേക്കാവുന്ന രണ്ടു സീറ്റുകളിലൊന്ന് കരസ്ഥമാക്കാൻ ബി.ജെ.പി സംസ്ഥാന നേതാക്കളിൽ ചിലരും ചരടുവലികൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.