ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവുംകൂടുതല്‍ പണവും മദ്യവും ഒഴുകിയത് അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന ഈ തെരഞ്ഞെടുപ്പിലാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നിസാം സെയ്ദി.
2012ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നുമടങ്ങ് പണവും മദ്യവുമാണ് പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 350 കോടി രൂപയിലധികം ഇതിനകം പിടിച്ചെടുത്തു. ഉത്തര്‍പ്രദേശില്‍ 60 കോടിയുടെ രൂപയുടെ മദ്യംമാത്രം പിടികൂടിയിട്ടുണ്ട്. നോട്ടുനിരോധനം തെരഞ്ഞെടുപ്പിനെ ബാധിച്ചോ ഇല്ലയോ എന്ന് അഭിപ്രായംപറയാന്‍ ആഗ്രഹിക്കുന്നില്ല -അദ്ദേഹം വ്യക്തമാക്കി.
ബൂത്തുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ ഇല്ലാതാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ശക്തമായ നിയമപരിരക്ഷ ആവശ്യമുണ്ട്. ഇതിനുവേണ്ടി മൂന്നുതവണ കമീഷന്‍ സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, 324ാം അനുച്ഛേദം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതുപ്രകാരം ബൂത്തുപിടിച്ചെടുക്കുന്നവര്‍ക്കെതിരെ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനെതിരെയുള്ള നിയമമാണ് ഉപയോഗിക്കാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ശ്മശാനം, ഖബര്‍സ്ഥാന്‍ എന്നീ വിഷയങ്ങളുയര്‍ത്തി അതിരുകടന്ന പ്രസംഗമുണ്ടായത് ചൂണ്ടിക്കാണിച്ചപ്പോള്‍ കമീഷന്‍ ശക്തമായ മാര്‍ഗനിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവസാനഘട്ടത്തില്‍ ഇത്തരത്തില്‍ ഒന്നും കേട്ടില്ളെന്നും സെയ്ദി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉത്തര്‍പ്രദേശില്‍ അമിത് ഷാ, അഅ്സംഖാന്‍ എന്നിവരുടെ ഭാഗത്തുനിന്ന് നിരന്തരം വര്‍ഗീയവിദ്വേഷം പരത്തുന്ന സംസാരങ്ങളുണ്ടായിരുന്നു.
സാമുദായിക ധ്രുവീകരണം ശക്തമാക്കുന്ന തരത്തിലുള്ള ഇത്തരം പ്രചാരണങ്ങളത്തെുടര്‍ന്ന് അവരുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കമീഷന്‍ നിരോധിക്കുകവരെയുണ്ടായെന്നും സെയ്ദി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.