'കരട് വോട്ടർ പട്ടികയിൽ പേരില്ലാത്തതിന് പേര് വെട്ടിമാറ്റിയെന്നർത്ഥമില്ല'; തെരഞ്ഞെടുപ്പ് കമ്മീഷൻ ബോംബെ ഹൈകോടതിയിൽ

മുംബൈ: കരട് വോട്ടർ പട്ടികയിൽ ഒരു വോട്ടറുടെ പേര് കാണാത്തത് ആ പേര് ശാശ്വതമായി ഒഴിവാക്കപ്പെട്ടതായി കണക്കാക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിനെ അറിയിച്ചു. എസ്.ഐ.ആർ പരിശോധനയും സാധാരണ സംഗ്രഹ പുനഃപരിശോധനയും (എസ്.എസ്.ആർ) തമ്മിലുള്ള പ്രക്രിയകളിലെ പ്രധാന വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണയായി നിലവിലുള്ള സജീവ വോട്ടർ പട്ടിക പുതുക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ മാത്രമാണ് എസ്‌.എസ്.ആർ ചെയ്യുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഷുതോഷ് കുംഭകോണി കോടതിയിൽ വ്യക്തമാക്കി. എന്നാൽ എസ്‌.ഐ.ആർ എന്നത് വോട്ടർ പട്ടിക ആദ്യ മുതൽ അടിമുടി പുതിയതായി തയാറാക്കുന്ന പ്രക്രിയയാണ്. 1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് റൂൾ 25(2) അനുസരിച്ച് ഈ രീതി നിർബന്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ പട്ടിക ഇതിൽ കേവലം ഒരു റഫറൻസ് അടിസ്ഥാനമായി മാത്രമാണ് ഉപയോഗിക്കുന്നത് അല്ലാതെ പഴയ പട്ടിക യാന്ത്രികമായി പുതിയതിലേക്ക് പകർത്തപ്പെടുകയല്ല ചെയ്യുന്നത്.

വോട്ടർ തന്റെ വിവരങ്ങൾ അടങ്ങിയ ഫോം കൃത്യമായി സമർപ്പിച്ചാൽ മാത്രമാണ് കരട് പട്ടികയിൽ ആ പേര് ഉൾപ്പെടുക. അതുകൊണ്ടുതന്നെ കരട് പട്ടികയിൽ പേര് ഇല്ലാത്തത് സാങ്കേതികമായി ആ പേര് 'വെട്ടിമാറ്റി' എന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മീഷൻ വിശദീകരിച്ചു. എസ്.എസ്.ആർ പ്രക്രിയയിൽ പുതിയതോ മാറിയതോ ആയ കേസുകൾ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എസ്‌.ഐ.ആറിൽ എല്ലാ വോട്ടർമാരും പ്രതികരിക്കേണ്ടതുണ്ട്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്ത വോട്ടർമാർ, അന്തിമ പട്ടികയിൽ ഇടംനേടുന്നതിനായി ക്ലെയിംസ് ആൻഡ് ഒബ്ജക്ഷൻസ് കാലയളവിൽ നിർദ്ദിഷ്ട പ്രഖ്യാപനങ്ങളും പിന്തുണക്കുന്ന രേഖകളും സഹിതം 'ഫോം 6' സമർപ്പിക്കേണ്ടതുണ്ട്.

ഗോവയിലെ ഉത്തര ഗോവ ജില്ലയിലെ സെന്റ് ക്രൂസ് മണ്ഡലത്തിൽ നിന്നുള്ള പരേഷ് സാൽഗോൺകർ എന്ന വോട്ടർ നൽകിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് കമ്മീഷൻ ഈ വിശദീകരണം നൽകിയത്. വിലാസം മാറ്റുന്നതിനായി 'ഫോം 8' സമർപ്പിച്ചിട്ടും തങ്ങളുടെയും കുടുംബത്തിന്റെയും പേരുകൾ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നായിരുന്നു ഹരജിക്കാരന്റെ പരാതി. എന്നാൽ താൻ ആദ്യമായി വോട്ട് ചെയ്യുന്നയാളോ മണ്ഡലം മാറിയയാളോ അല്ലാത്തതിനാൽ 'ഫോം 6' വീണ്ടും പൂരിപ്പിച്ചു നൽകുന്നത് തെറ്റായ പ്രക്രിയ ആണെന്നും ചൂണ്ടിക്കാട്ടി ഹരജിക്കാരൻ അതു ചെയ്യാൻ തയാറായില്ല. ജസ്റ്റിസ് വാൽമീകി മെനെസെസ്, അമിത് ജംസാന്ദേകർ എന്നിവരടങ്ങുന്ന ബെഞ്ച് ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ടശേഷം കേസിന്‍റെ വിധി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Tags:    
News Summary - Election Commission in Bombay High Court on SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.