തമിഴ്നാടിന് കൂടുതൽ ജലം; ഉറപ്പുനൽകാതെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, ചന്ദ്രബാബു നായിഡുമായി വിജയ് കൂടിക്കാഴ്ച നടത്തി
വിജയവാഡ: ചെന്നൈയിലെ കുടിവെള്ള ആവശ്യങ്ങൾക്കായി കൂടുതൽ കൃഷ്ണ ജലം തുറന്നുവിടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവശ്യപ്പെട്ടെങ്കിലും, ആന്ധ്രാപ്രദേശ് സർക്കാർ അക്കാര്യത്തിൽ ഉടൻ ഉറപ്പൊന്നും നൽകിയില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളും ജലലഭ്യതയും പരിശോധിച്ച് മാത്രമെ അന്തിമ തീരുമാനമെടുക്കാനാകൂ എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വിജയവാഡയിലെ ക്യാമ്പ് ഓഫിസിലായിരുന്നു ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച.
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ‘വിജയവാഡ ഉത്സവത്തിൽ’ പങ്കെടുക്കാനാണ് ആന്ധ്രയിലെത്തിയത്. സന്ദർശനത്തിനിടയിൽ ഇരു നേതാക്കളും ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. തെലുങ്ക് ഗംഗ പദ്ധതി വഴി ചെന്നൈയിലേക്ക് കൂടുതൽ കുടിവെള്ളം ലഭ്യമാക്കണമെന്ന് വിജയ് ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ, എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ വരൾച്ചയും കൃഷ്ണ നദിയിലെ ജലലഭ്യത കുറഞ്ഞതും നിലവിലെ സാഹചര്യം സങ്കീർണ്ണമാക്കുന്നുണ്ടെന്ന് ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശ് ഇതിനകം തന്നെ 4.08 ടി.എം.സി ജലം ചെന്നൈയിലേക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജലലഭ്യതയും സംസ്ഥാനത്തിന്റെ സ്വന്തം ആവശ്യങ്ങളും കണക്കിലെടുത്ത് മാത്രമേ കൂടുതൽ വെള്ളം നൽകുന്ന കാര്യം പരിഗണിക്കാനാകൂ എന്ന് നായിഡു വ്യക്തമാക്കി.
വരൾച്ചയ്ക്ക് ശാശ്വത പരിഹാരമാണ് നദീസംയോജനമെന്ന് ചൂണ്ടിക്കാണിച്ച ചന്ദ്രബാബു നായിഡു, ഗോഡാവരി-കാവേരി നദികൾ തമ്മിളുള്ള ബന്ധിപ്പിക്കലിന്റെ പ്രാധാന്യവും തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.
1983ലെ അന്തർസംസ്ഥാന കരാർ പ്രകാരം ചെന്നൈയുടെ കുടിവെള്ള ആവശ്യങ്ങൾക്കായി പ്രതിവർഷം 15 ടി.എം.സി കൃഷ്ണ ജലം തമിഴ്നാട് അതിർത്തിയിൽ എത്തിക്കേണ്ടതുണ്ട്. ശ്രീശൈലത്തിലേക്ക് പര്യാപ്തമായ അളവിൽ വെള്ളം എത്താതിരിക്കുന്നതും പ്രധാന റിസർവോയറുകളിലെ കുറഞ്ഞ സംഭരണവുമെല്ലാം കരാറിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
സോമസീല, കണ്ഡലേറു പദ്ധതികളിൽ ലഭ്യമായ ജലത്തിൽനിന്ന് ആനുപാതികമായ അളവിൽ വെള്ളം തുറന്നുവിടുന്ന കാര്യം ആന്ധ്രാപ്രദേശ് സർക്കാർ പരിശോധിച്ചുവരികയാണ്. ഏകദേശം അഞ്ച് ടി.എം.സി വരെ ഭാഗികമായി വിട്ടുകൊടുക്കാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇരുമുഖ്യമന്ത്രിമാരുടെയും കൂടിക്കാഴ്ച മുൻകാല സംഭവങ്ങളെ ഓർമ്മിപ്പിക്കുന്നതായി. 2017 ജനുവരി 12ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം ചെന്നൈയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ചന്ദ്രബാബു നായിഡുവിനെ സന്ദർശിച്ചിരുന്നു. അന്ന് കണ്ഡലേറു റിസർവോയറിൽനിന്ന് വെള്ളം ആവശ്യപ്പെട്ട പനീർശെൽവത്തോട്, ജലലഭ്യത അനുസരിച്ച് ഭാഗികമായി വെള്ളം നൽകാൻ നായിഡു സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.