'മറ്റ് സംസ്ഥാനങ്ങളിൽ പ്രശ്നമുണ്ടാകുമ്പോൾ സി.ജെ.പി എവിടേക്ക് പോകുന്നു?' ഡൽഹി പ്രതിഷേധത്തെ പുച്ഛിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തലസ്ഥാനത്ത് തുടരുന്ന ഈ സമരങ്ങളും കുത്തിയിരിപ്പുകളും ഡൽഹി നഗരത്തിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആറിനെ ചോദ്യം ചെയ്യുന്നതിനെ മുഖ്യമന്ത്രി എതിർപ്പോടെയാണ് നോക്കികാണുന്നത്. മുൻകാലങ്ങളിലും പല സർക്കാരുകളുടെ കാലത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം നടപടികൾ ആവർത്തിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത എതിർപ്പുകൾ ഇപ്പോൾ മാത്രം ഉയർന്നു വരുന്നത് എന്തിനാണെന്നും അവർ ചോദിച്ചു.

സി.ജെ.പി സംഘടനയെ ആം ആദ്മി പാർട്ടിയുടെ 'ബി-ടീം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കടുത്ത ആരോപണങ്ങളും ഉന്നയിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ എത്താൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ഇവർ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാൻ നോക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ ജനകീയ പ്രശ്നങ്ങളോ കുറ്റകൃത്യങ്ങളോ നടക്കുമ്പോൾ ഈ സംഘടന പ്രതിഷേധവുമായി എങ്ങോട്ടാണ് പോകാറുള്ളതെന്നും, ഉദാഹരണത്തിന് പഞ്ചാബിൽ ലഹരിയുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ട് സി.ജെ.പി അവിടെ പ്രതിഷേധിക്കുന്നില്ലെന്നും അവർ ചോദിച്ചു. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി മാത്രമാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

ജന്തർമന്തർ സമരവേദിയാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പശ്ചാത്തലത്തിലാണ് ഈ വിവാദ പരാമർശങ്ങൾ. ഇതോടൊപ്പം കോൺഗ്രസ് പാർട്ടിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ഇന്ത്യയുടെ വികസനത്തിൽ അസൂയപ്പെടുന്ന വിദേശ ശക്തികളുമായി കോൺഗ്രസ് കൈകോർക്കുകയാണെന്നും ആരോപിച്ചു.

Tags:    
News Summary - Chief Minister Rekha Gupta scorns Delhi protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.