ലഖ്നോ: പൊലീസിന്റെയും എ.ടി.എസ് ഉദ്യോഗസ്ഥരുടെയും പേരിൽ വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്. ലഖ്‌നൗവിലെ 85 വയസുകാരന് 84.5 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ജാനകിപുരം സെക്ടർ-ജിയിൽ താമസിക്കുന്ന ബദ്രുദ്ദീൻ അൻസാരി എന്നയാളാണ് തട്ടിപ്പിനിരയായത്.
മാർച്ച് ഏഴിന് ലഖ്‌നോ പൊലീസ് ആസ്ഥാനത്തുനിന്നുള്ള സീനിയർ ഇൻസ്‌പെക്ടർ എന്ന് അവകാശപ്പെടുന്ന ഒരാളുടെ ഫോൺ കോളോടെയാണ് ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയുടെ തുടക്കം. പുണെയിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്റെ പേര് ഉയർന്നുവന്നിട്ടുണ്ടെന്നും നിയമവിരുദ്ധ ഇടപാടുകൾക്കായി തന്റെ പേരിൽ വ്യാജ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും വിളിച്ചയാൾ പറഞ്ഞതായി ബദ്രുദ്ദീൻ അൻസാരി പറഞ്ഞു.
ഒരു മാസത്തെ നിരന്തരമായ മാനസിക സമ്മർദമായിരുന്നു പിന്നീടുണ്ടായത്. തങ്ങളുടെ അവകാശവാദങ്ങൾ സാധുവാണെന്ന് വരുത്തിത്തീർക്കാൻ തട്ടിപ്പുകാർ വാട്സ്ആപ് വഴി വ്യാജ രേഖകൾ അയച്ചതായും അതിൽ എൻ.ഐ.എ, സുപ്രീം കോടതി, ആർ.ബി.ഐ തുടങ്ങിയവയുടെ പേരുകൾ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. എ.ടി.എസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി നിരവധിപേർ നിരന്തരം വിളിച്ചുകൊണ്ടിരുന്നെന്നും അറസ്റ്റും നിയമനടപടിയുമുണ്ടാകുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും ബദ്രുദ്ദീൻ അൻസാരിയുടെ പരാതിയിൽ പറയുന്നു. തുടർച്ചയായുള്ള ഭീഷണിയിൽ പേടിച്ച വയോധികൻ മാർച്ച് 11നും ഏപ്രിൽ 4നും ഇടയിൽ, തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് 84.5 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
21 ദിവസങ്ങൾക്ക് ശേഷമാണ് പരാതിയുമായി അൻസാരി സൈബർ പൊലീസിനെ സമീപിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 27 ലക്ഷം ഇതുവരെ രൂപ മരവിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. ബാക്കി തുക കണ്ടെത്താനും തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രായമായവരുടെ ഭയം മുതലെടുത്ത് ഇരകളെ തട്ടിപ്പുകാർ സാമ്പത്തിക നാശത്തിലേക്ക് തള്ളിവിടുകയാണെന്നും ഇത്തരം കേസുകളുടെ എണ്ണം കൂടുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.