പ്രവാചകനിന്ദ: ചില ചാനലുകൾ വിദ്വേഷത്തിന് ആക്കം പകർന്നു -എഡിറ്റേഴ്സ് ഗിൽഡ്

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയെ തുടർന്ന് യു.പിയിലെ കാൺപുരിൽ ഇരുപക്ഷങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ ദുർബല സമുദായങ്ങൾക്കെതിരെ വിദ്വേഷം വർധിപ്പിക്കാൻപോന്ന സാഹചര്യങ്ങൾ ചില ദേശീയ വാർത്ത ചാനലുകൾ ബോധപൂർവം സൃഷ്ടിച്ചുവെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ.

ഭരണഘടനമൂല്യങ്ങൾക്കും നിയമവാഴ്ചക്കും ശക്തിപകരേണ്ട മാധ്യമങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ രാജ്യത്തെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ആശങ്ക പ്രകടിപ്പിച്ചു.

സാമുദായിക അന്തരീക്ഷം കലങ്ങിനിൽക്കുന്ന സാഹചര്യങ്ങളിൽ മാധ്യമങ്ങൾ എങ്ങനെ പെരുമാറണമെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദേശം നിലവിലുണ്ട്. എന്നാൽ, കാണികളുടെ എണ്ണവും അതുവഴി ലാഭവും കൂട്ടാനുള്ള വ്യഗ്രതയിലാണ് ചില ചാനലുകൾ പ്രവർത്തിച്ചത്. ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റം സമുദായങ്ങൾ തമ്മിലെ അകലം വർധിപ്പിക്കുകയും ദേശീയ ചർച്ചാഗതി പ്രാകൃതമാക്കുകയും ചെയ്തു. വിഭാഗീയവും വിഷലിപ്തവുമായ അഭിപ്രായങ്ങളിൽ ന്യായീകരണം കണ്ടെത്താൻ നടത്തിയ ശ്രമം ഈ ചാനലുകൾ വിമർശനാത്മകമായി പരിശോധിക്കണം.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ മാധ്യമലോകം ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് സീമ മുസ്തഫ, ജനറൽ സെക്രട്ടറി സഞ്ജയ് കപുർ, ട്രഷറർ ആനന്ദ് നാഥ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Editors Guild disturbed by 'irresponsible conduct of some news channels'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.