'ഇ.ഡിക്കും സി.ബി.ഐക്കും വീട്ടിൽ ഓഫിസുകൾ സ്ഥാപിക്കാം'; കേന്ദ്ര അന്വേഷണ ഏജൻസികളെ പരിഹസിച്ച് തേജസ്വി

പട്ന: കേന്ദ്ര അന്വേഷണ ഏജൻസികളെ രൂക്ഷമായി വിമർശിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്. സമാധാനം കിട്ടുമെങ്കിൽ തന്റെ വസതിയിൽ അന്വേഷണ ഏജൻസികൾക്ക് ഓഫിസുകൾ സ്ഥാപിക്കാൻ അനുവദിക്കാമെന്ന് അർ.ജെ.ഡി നേതാവ് പരിഹസിച്ചു.

ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് തേജസ്വി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നതിനെതിരെ വാചാലനായത്. ആദ്യമായി ഉപമുഖ്യമന്ത്രിയായിരുന്നു സമയത്ത് പോലും ഈ ഏജൻസികളെ താൻ ഭയപ്പെട്ടിരുന്നില്ല. ബിഹാറിന്‍റെ താൽപര്യത്തിനുവേണ്ടിയാണ് കേന്ദ്രത്തോട് നിരന്തരം പോരടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2015-2017 കാലയളവിൽ തേജസ്വി ഉപമുഖ്യമന്ത്രി പദം വഹിച്ചിരുന്നു.

'അന്നുമുതൽ ഞാൻ പക്വത പ്രാപിച്ചു, പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചു, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പിതാവിന്‍റെ അസാന്നിധ്യത്തിൽ പാർട്ടി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി' -തേജസ്വി കൂട്ടിച്ചേർത്തു. 2015ൽ രാഘോപുർ മണ്ഡലത്തിൽനിന്നാണ് ആദ്യമായി എം.എൽ.എയാവുന്നത്.

ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയെന്ന ഖ്യാതിയും ഇതിനിടെ സ്വന്തമാക്കി. കാലിത്തീറ്റ കുംഭകോണ കേസുകളിൽ ശിക്ഷിക്കപ്പെട്ട് പിതാവ് ജയിലിൽ കഴിയുമ്പോൾ തേജസ്വിയാണ് ആർ.ജെ.ഡിയെ നിലനിർത്തിയത്. 2020ലെ തെരഞ്ഞെടുപ്പിൽ വിമർശന മുനയൊടിച്ച് ആർ.ജെ.ഡിയോട് കടുത്ത എതിർപ്പ് പുലർത്തുന്ന സി.പി.ഐ(എം.എൽ) ഉൾപ്പെടെ സഖ്യകക്ഷികളെ ഒന്നിപ്പിക്കുന്നതിലും വിമതശല്യം ഒഴിവാക്കുന്നതിലും വലിയ പങ്കുവഹിച്ചു.

Tags:    
News Summary - ED, CBI can set up offices at my residence: Tejashwi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.