ഗോവയിലെ അനധികൃത ഖനനക്കേസ്: ഇന്ത്യയിലും സിംഗപ്പൂരിലുമായി 1,023 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

പനാജി: ഗോവയിലെ അനധികൃത ഇരുമ്പയിര് ഖനന കയറ്റുമതി കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്ത്യയിലും സിംഗപ്പൂരിലുമായി 1,023 കോടി രൂപയുടെ മൂല്യമുള്ള 130 സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഖനന മേഖലയുമായി ബന്ധപ്പെട്ട കേസുകളിൽ ഇ.ഡി നടത്തിയ ഏറ്റവും വലിയ സ്വത്ത് കണ്ടുകെട്ടൽ നടപടികളിലൊന്നാണിത്.

ഗോവയിലെ സാൽഗോക്കർ ഗ്രൂപ്പും അതുമായി ബന്ധപ്പെട്ട എ.വി.എസ് ഗ്രൂപ്പ് സ്ഥാപനങ്ങളും അനധികൃത ഖനനത്തിലൂടെ ലഭിച്ച വരുമാനം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. 459.10 കോടി രൂപയുടെ 99 സ്ഥാവര സ്വത്തുക്കൾ ഇന്ത്യയിലും 471.32 കോടി രൂപയുടെ 31 സ്ഥാവര സ്വത്തുക്കൾ സിംഗപ്പൂരിലുമാണ് കണ്ടുകെട്ടിയിരിക്കുന്നത്. കൂടാതെ ഇന്ത്യൻ കമ്പനികളിലെ 93.42 കോടി രൂപയുടെ ഓഹരികളും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.

ഖനന നിയമങ്ങൾ ലംഘിച്ച് വൻതോതിൽ ഇരുമ്പയിര് ഖനനം നടത്തി വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും പ്രതികൾ അനധികൃതമായി കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ അനധികൃത വരുമാനമാണ് പിന്നീട് വിവിധ സ്വത്തുക്കളായി നിക്ഷേപിച്ചതെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.

പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്. കേസിലെ സാമ്പത്തിക ഇടപാടുകളെയും വിദേശ നിക്ഷേപങ്ങളെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ഇ.ഡി അറിയിച്ചു.

ഗോവ പൊലീസ് സി.ഐ.ഡി രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. 2014 ലും 2018 ലും സുപ്രീം കോടതി വിധിന്യായങ്ങളിലൂടെ, 22.11.2007ന് ശേഷം പുതിയ ഖനന പാട്ടങ്ങൾ നൽകുന്നത് വരെ ഗോവയിൽ നടത്തിയ എല്ലാ ഖനനങ്ങളും നിയമവിരുദ്ധമാണെന്ന് വിധിച്ചിട്ടുണ്ടെന്ന് ഇ.ഡി പറഞ്ഞു. 2007-12 കാലയളവിൽ എ.വി.എസ് ഗ്രൂപ്പ് 10 ഖനന പാട്ടങ്ങൾ നടത്തിയതായും ഇരുമ്പയിര് അനധികൃതമായി വേർതിരിച്ചെടുക്കൽ, വിൽപ്പന, കയറ്റുമതി എന്നിവയിൽ നിന്ന് 2,492.95 കോടി രൂപയുടെ വരുമാനം നേടിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി ആരോപിച്ചു.

നിയമവിരുദ്ധമായി ഖനനം ചെയ്ത അയിര് വളരെ കുറഞ്ഞ വിലക്ക് കയറ്റുമതി ചെയ്തതായും ഇ.ഡി ആരോപിച്ചു. ഇതിലൂടെ 27,44.89 കോടി രൂപയുടെ വിദേശ വ്യാപാര ലാഭം നേടിയതായും അ​ന്വേഷണ ഏജൻസി ആരോപിച്ചു. കുറ്റകൃത്യത്തിലൂടെ 5237.84 കോടി രൂപ അനധികൃതമായി സമ്പാദിച്ച​തായും ഇ.ഡി പറയുന്നു.

Tags:    
News Summary - ED attaches Rs 1023crore assets in Goa illegal mining case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.