ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; ഡിസംബർ ഒന്നിനും അഞ്ചിനും
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി. ആദ്യഘട്ടം ഡിസംബർ ഒന്നിന്. രണ്ടാം ഘട്ടം ഡിസംബർ അഞ്ചിന്. ഫലം ഡിസംബർ എട്ടിന് പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് ഫലവും ഡിസംബർ എട്ടിനാണ് പ്രഖ്യാപിക്കുക.
ആദ്യ ഘട്ടത്തിൽ 89 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 93 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ അഞ്ചിന് പുറത്തിറങ്ങും. രണ്ടാം ഘട്ടം നവംബർ 10ന്. ഒന്നാം ഘട്ട നാമ നിർദേശ പത്രിക നവംബർ 14നും രണ്ടാം ഘട്ടം നവംബർ 18നും സമർപ്പിക്കാം. സൂക്ഷ്മ പരിശോധന നവംബർ 15, 18തിയതികളിൽ നടക്കും. പത്രിക നവംബർ 17, 21 തിയതികളിൽ പിൻവലിക്കാം.
നാമനിർദേശ പത്രിക ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാം. നോ യുവർ കാൻഡിഡേറ്റ് (കെ.വൈ.സി) ആപ്പും പുറത്തിറക്കും. സ്ഥാനാർഥിയുടെ സ്വത്ത് വിവരങ്ങൾ, ക്രിമിനൽ കേസുകൾ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ആപ്പുവഴി വോട്ടർമാർക്ക് അറിയാൻ സാധിക്കും. നിയമ ലംഘനം റിപ്പോർട്ട് ചെയ്യാനും പ്രത്യേക ആപ്പ് തയാറാക്കും.
സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുമായി പ്രത്യേക നിരീക്ഷകനെ ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ നിയോഗിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. 182 പോളിങ് സ്റ്റേഷനുകളിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ ഒരു നിരീക്ഷകനെ ചുമതലപ്പെടുത്തും.
182 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 92 ആണ് കേവല ഭൂരിപക്ഷം. 4.9 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 51, 782 പോളിങ് സ്റ്റേഷനുകൾ ഒരുക്കും. അതിൽ 1274 പോളിങ് സ്എറ്റേഷനുകൾ പൂർണമായും സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുന്നത്. നിലവിലെ നിയമസഭാ കാലാവധി ഫെബ്രുവരി 18ന് അവസാനിക്കും.
നേരത്തെ, ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിന്റേതും അറിയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. മാതൃക പെരുമാറ്റചട്ടം ദീർഘനാൾ ബാധകമാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് കമീഷൻ വിശദീകരിച്ചിരുന്നു.
നവംബർ ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തൂക്കുപാലം അപകടത്തിന്റെ പശ്ചാത്തലത്തിൽ കമ്മീഷൻ ഇത് രണ്ട് ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു ഇത്. ഗുജറാത്തിൽ ഇക്കുറി ത്രികോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും പുറമേ ആം ആദ്മി പാർട്ടിയും ശക്തമായി മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.