ബംഗളൂരുവിൽ എബോള ഭീതി: ഉഗാണ്ടൻ സ്വദേശിനി നിരീക്ഷണത്തിൽ, അതീവ ജാഗ്രതാനിർദേശം

ബംഗളൂരു: കർണാടക തലസ്ഥാനത്ത് എബോള രോഗബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പിന്‍റെ അതീവ ജാഗ്രതാ നിർദേശം. നേരിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉഗാണ്ടയിൽ നിന്ന് വന്ന 28 വയസ്സുകാരിയെ ചൊവ്വാഴ്ച ബംഗളൂരുവിലെ സർക്കാർ പകർച്ചവ്യാധി ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റി. ഉഗാണ്ടയിൽ നിന്ന് അഹമ്മദാബാദ് വഴി ബഗളൂരുവിലെത്തിയ യുവതി ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു.

വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും എബോള ബാധിത മേഖലയിൽ നിന്നുള്ള യാത്രാചരിത്രം പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഇവരെ നിരീക്ഷിച്ചുവന്നത്. തുടർന്ന് ശരീരവേദന അനുഭവപ്പെട്ടതോടെ ജില്ല സർവൈലൻസ് സംഘവും എയർപോർട്ട് ഹെൽത്ത് ഒഫീഷ്യൽസും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ സ്രവസാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്നും നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പരിശോധനാ ഫലം നെഗറ്റീവായാലും പ്രോട്ടോക്കോൾ പ്രകാരം 48 മണിക്കൂറിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തുമെന്നും രണ്ടുതവണ ഫലം നെഗറ്റീവായാൽ മാത്രമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിലെ എബോള വ്യാപനം അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ, ക്വാറന്‍റൈൻ സൗകര്യങ്ങൾ കർണാടക സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ബംഗളൂരു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, മംഗളൂരു വെൻലോക്ക് ഡിസ്ട്രിക്റ്റ് ആശുപത്രി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Ebola Scare in Bengaluru: Ugandan National Under Observation, High Alert Issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.