മുംബൈ: വിമാനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് 1.73 കോടി രൂപ അടക്കാതെ വഞ്ചിച്ചെന്ന കേസിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഡയറക്ടർക്കും മുൻ ബാങ്ക് ഉദ്യോഗസ്ഥനും തടവും പിഴയും. 26 വർഷങ്ങൾക്കു മുമ്പുള്ള കേസിലാണ് പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞത്. തിരുവനന്തപുരം സ്വദേശി തഖിയുദ്ദീൻ വാഹിദ് സ്ഥാപിച്ച ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് നിലവിലില്ല. കമ്പനി ഡയറക്ടറായിരുന്ന ഫൈസൽ വാഹിദിന് ഒരു വർഷം തടവും 6.5 ലക്ഷം രൂപ പിഴയും വിധിച്ച കോടതി അന്ന് വിജയ ബാങ്ക് ബംഗളൂരു ശാഖയിൽ ഉദ്യോഗസ്ഥനായിരുന്ന ജയാനന്ദ് ഷെട്ടിക്ക് ഒരു വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. കമ്പനിയും 50,000 രൂപ പിഴയടക്കണം.
ഇന്ധനം നൽകും മുമ്പ് തുകക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റിന്റെ (ഡി.ഡി) കോപ്പി ഫാക്സ് ചെയ്യണമെന്നും പിന്നീട് ഡി.ഡി അയക്കണമെന്നുമായിരുന്നു എയർലൈൻസും ഓയിൽ കമ്പനിയും തമ്മിലെ വ്യവസ്ഥ.
എന്നാൽ, ഫാക്സ് ചെയ്ത ശേഷം ഡി.ഡി അയക്കാതെ അവ റദ്ദാക്കിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇതിന് കൂട്ടുനിന്നതിനാണ് ഷെട്ടിക്ക് ശിക്ഷ. ഒമ്പതു പേരാണ് വിചാരണ നേരിട്ടത്. മുഖ്യപ്രതി ശിഹാബുദ്ദീൻ വാഹിദ് അടക്കം നാലുപേർ വിചാരണ സമയത്ത് മരിക്കുകയും മൂന്നുപേരെ കോടതി വെറുതെ വിടുകയും ചെയ്തു. കുറ്റകൃത്യത്തിൽ ചെറിയ പങ്ക് മാത്രമായതിനാൽ ഫൈസൽ വാഹിദിനോട് ദയ കാണിക്കുന്നു എന്ന് കോടതി പറഞ്ഞു. ഹൈകോടതിയിൽ അപ്പീൽ നൽകാൻ സാവകാശം നൽകിയ കോടതി അതുവരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.