ഉത്തരാഖണ്ഡിൽ ഭൂചലനം,48 മണിക്കൂറിൽ ഇത് രണ്ടാം തവണ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂചലനം. പുലര്‍ച്ചെ 3:49 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഭൂചലനമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി (എന്‍.സി.എസ്) അറിയിച്ചു.

ചൊവ്വാഴ്ച പിത്തോര്‍ഗഢില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ചൊവ്വാഴ്ച നേപ്പാളിലും തുടര്‍ച്ചയായി നാല് ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ നേപ്പാളില്‍ ഉച്ചക്ക് 2:25 നാണ് ആദ്യ ഭൂചലനം ഉണ്ടായത്. 4.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. തുടര്‍ന്ന് 2:51 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

പിന്നാലെ 3.6, 3.1 തീവ്രതകളില്‍ രണ്ട് ഭൂചലനങ്ങള്‍ കൂടി ഇതേ പ്രദേശത്ത് 15 കിലോമീറ്റര്‍ ആഴത്തിലും 10 കിലോമീറ്റര്‍ ആഴത്തിലും അനുഭവപ്പെട്ടു. വൈകിട്ട് 3:06 നും 3:19 നും വീണ്ടും ഭൂചലനമുണ്ടായി. ഭൂകമ്പ സാധ്യതയേറിയ ലോകത്തിലെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് സോണുകളിലൊന്നിലാണ് നേപ്പാള്‍ സ്ഥിതിചെയ്യുന്നത്. 2015 ഏപ്രില്‍ 25-ന് നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 8,000-ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 21,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ തീര്‍ഥാടന നഗരമായ ജോഷിമഠില്‍ നിന്ന് 206 കിലോമീറ്റര്‍ തെക്കുകിഴക്കും ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 284 കിലോമീറ്റര്‍ വടക്കുമായാണ് ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. കൂടാതെ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. കെട്ടിടങ്ങളില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് വരണമെന്നും എലിവേറ്ററുകള്‍ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. അടിയന്തര സഹായത്തിന് 112ല്‍ വിളിക്കാമെന്നും പരിഭ്രാന്തി വേണ്ടെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Tags:    
News Summary - Earthquake in Uttarakhand, second time in 48 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.