ഇ. അഹമ്മദിന് കണ്ണീരാദരം

മലയാളമണ്ണില്‍ നിന്നുയര്‍ന്ന് ലോകവേദികളില്‍ രാജ്യത്തിന്‍െറ ശബ്ദമായി മാറിയ ഇ. അഹമ്മദിന് അണികളുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണീരാദരം. ബുധനാഴ്ച പുലര്‍ച്ചെ 2.15ന് ഡല്‍ഹിയില്‍ അന്തരിച്ച  എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ദേശീയനേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുസ്ലിംലീഗ് ദേശീയ അധ്യക്ഷനായ ജനപ്രിയ നേതാവിന്‍െറ മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിന് കണ്ണൂര്‍ കോര്‍പറേഷന്‍ കോമ്പൗണ്ടിലും 10.30ന് സിറ്റി ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പൊതുദര്‍ശനത്തിന് വെക്കും. 11ന് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ദുഃഖം തളം കെട്ടിനിന്ന അന്തരീക്ഷത്തില്‍ ഇ. അഹമ്മദിന് ഡല്‍ഹി വികാരഭരിതമായ വിട നല്‍കി.  ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തിന്‍െറ അമരക്കാരനുവേണ്ടി ഒമ്പതാം തീന്‍മൂര്‍ത്തി മാര്‍ഗിലത്തെിച്ചേര്‍ന്നവരില്‍നിന്ന് പ്രാര്‍ഥനകളുയര്‍ന്നുകൊണ്ടിരിക്കെ മോദി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത് ചരിത്രത്തിന്‍െറ കാവ്യനീതിയായി.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് എംബാം ചെയ്ത അഹമ്മദിന്‍െറ ഭൗതികശരീരം ഏഴര മണിയോടെയാണ് തീന്‍മൂര്‍ത്തി മാര്‍ഗിലെ വസതിയിലത്തെിച്ചത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വാര്‍ത്താ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു, പാര്‍ലമെന്‍ററി കാര്യ മന്ത്രി അനന്ത് കുമാര്‍, പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്, രാഷ്ട്രപതിക്കുവേണ്ടി പ്രസ് സെക്രട്ടറി വേണു രാജാമണി, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി,  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹ്മദ് പട്ടേല്‍, മുഹ്സിന കിദ്വായി, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്,  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  തുടങ്ങിയവര്‍ പുഷ്പചക്രമര്‍പ്പിച്ചു.

തുടര്‍ന്ന് വീട്ടുമുറ്റത്ത് നടന്ന മയ്യിത്ത് നമസ്കാരത്തിന് അഹമ്മദിന്‍െറ മൂത്തമകന്‍ അഹമ്മദ് റഈസ് നേതൃത്വം നല്‍കി. സുബൈര്‍ ഹുദവിയുടെ പ്രാര്‍ഥനക്കുശേഷം എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.കെ. രാഘവന്‍, അഹമ്മദിന്‍െറ മക്കളായ അഹമ്മദ് റഈസ്, നസീര്‍ അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍സാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉച്ചക്ക് 12ഓടെ അഹമ്മദിന്‍െറ മയ്യിത്ത് ഡല്‍ഹി ആഭ്യന്തര വിമാനത്താവളത്തില്‍നിന്ന് കരിപ്പൂരിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് വൈകുന്നേരം ഏഴുമണിയോടെ കൊണ്ടോട്ടി ഹജ്ജ് ഹൗസിലും എട്ടോടെ കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വെച്ചു. കൊണ്ടോട്ടിയിലും കോഴിക്കോട് കടപ്പുറത്തും  ജനാസ നമസ്ക്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് മയ്യിത്ത് കണ്ണൂരിലത്തെിച്ചു.

Tags:    
News Summary - E ahamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.