വായ് മൂടിക്കെട്ടി എം.പിമാര്‍; സഭയില്‍ ഇറങ്ങിപ്പോക്ക് 

ന്യൂഡല്‍ഹി: ബജറ്റ് അവതരണം കണക്കിലെടുത്ത് മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനുമായ  ഇ. അഹമ്മദിന്‍െറ മരണം സ്ഥിരീകരിക്കാതെ ചികിത്സ തുടര്‍ന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രകടനം. ആശുപത്രിയിലെ ദുരൂഹത സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാര്‍ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി ഒച്ചപ്പാട് ഉയര്‍ത്തിയതുമൂലം നടപടികള്‍ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. എന്നാല്‍, വിഷയം സഭയില്‍ ഉന്നയിക്കുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാറും സ്പീക്കറും തയാറായില്ല. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ്, ഇടത് എം.പിമാര്‍ ഇറങ്ങിപ്പോക്ക് നടത്തി. ഇ. അഹമ്മദിന്‍െറ ചികിത്സയുമായി ബന്ധപ്പെട്ട വിശദീകരണ പ്രസ്താവനക്കുപോലും സര്‍ക്കാര്‍ തയാറായില്ല. വെള്ളിയാഴ്ച മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി സര്‍ക്കാറിന്‍െറ വിശദീകരണ പ്രസ്താവന നടത്താന്‍ രാജ്യസഭയില്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, രാജ്യസഭയില്‍ തിങ്കളാഴ്ച വിഷയം ഉയര്‍ന്നില്ല.
 
അഹമ്മദിന്‍െറ ചികിത്സയും മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പാര്‍ലമെന്‍റ് സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേരള എം.പിമാര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സഭയിലെ പ്രതിഷേധം നീട്ടിക്കൊണ്ടു പോകേണ്ടെന്ന ധാരണയാണ് അവര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ നോട്ട് അസാധുവാക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തേണ്ടത് യു.പി തെരഞ്ഞെടുപ്പിന്‍െറ ഘട്ടത്തില്‍ പ്രധാനമാണെന്ന് കോണ്‍ഗ്രസും മറ്റും കരുതുന്നു. അഹമ്മദ് വിഷയത്തില്‍ പ്രതിഷേധം തുടരുന്നത് സഭാനടപടി നിര്‍ത്തിവെക്കാനും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനും ഭരണപക്ഷത്തിന് അവസരമാകുന്നുവെന്ന് പ്രതിപക്ഷ നിരയില്‍ അഭിപ്രായമുണ്ട്.സഭാസമിതി അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് എം.പിമാരുടെ കൂട്ടനിവേദനം നല്‍കാനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷം. ഇതിന് എം.പിമാരുടെ ഒപ്പുശേഖരണം നടത്തിവരുന്നുണ്ട്. തിങ്കളാഴ്ച രാവിലെ പാര്‍ലമെന്‍റ് സമ്മേളിക്കുന്നതിനുമുമ്പ് ഗാന്ധിപ്രതിമക്കു മുന്നില്‍ വായ് മൂടിക്കെട്ടി എത്തിയ എം.പിമാരുടെ പ്രതിഷേധത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിന്‍െറ ലോക്സഭ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തിയിരുന്നു. ‘ഞങ്ങള്‍ അഹമ്മദ് സാഹിബിനൊപ്പം’ എന്ന പ്ളക്കാര്‍ഡുമേന്തിയായിരുന്നു പ്രതിഷേധം. 

ഇ. അഹമ്മദ് ആശുപത്രിയില്‍ മരിച്ച ശേഷവും വെന്‍റിലേറ്ററില്‍ കിടത്തിയെന്നും അനാവശ്യ ചികിത്സ നല്‍കിയെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. മരിച്ചവിവരം മൂടിവെക്കാനാണ് ശ്രമിച്ചത്. ഇതേക്കുറിച്ച് പാര്‍ലമെന്‍റ് സമിതി അന്വേഷിക്കണം. മുതിര്‍ന്ന ഒരു നേതാവിനോട് ആദരവില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റ് സമ്മേളിച്ചപ്പോള്‍ ചോദ്യോത്തര വേള മുന്നോട്ടു കൊണ്ടുപോകാന്‍ കേരള എം.പിമാര്‍ സമ്മതിച്ചില്ല. നടുത്തളത്തിലിറങ്ങി അവര്‍ മുദ്രാവാക്യം മുഴക്കി. എം.പിമാര്‍ക്ക് മാന്യമായ ജീവിതവും മരണവും നല്‍കണമെന്ന പ്ളക്കാര്‍ഡുകളും ഉയര്‍ത്തിയിരുന്നു. ഇതുകണ്ട സ്പീക്കര്‍ ക്ഷോഭിച്ചു. സഭക്കുള്ളില്‍ പ്ളക്കാര്‍ഡുകള്‍ പറ്റില്ളെന്ന് സുമിത്ര മഹാജന്‍ പറഞ്ഞു. ഇ. അഹമ്മദിന്‍െറ വേര്‍പാടില്‍ സഭ അനുശോചനം രേഖപ്പെടുത്തിയതാണ്. ഒരുദിവസം അവധിയും നല്‍കിയെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. സ്പീക്കറുടെ മറുപടി പ്രതിപക്ഷത്തിന്‍െറ രോഷം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇതേതുടര്‍ന്നാണ് സഭാനടപടി നിര്‍ത്തിവെച്ചത്. 12ന് വീണ്ടും സമ്മേളിച്ചപ്പോള്‍ വിഷയം ഉയര്‍ത്താന്‍ കേരള എം.പിമാര്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലേക്ക് സ്പീക്കര്‍ കടന്നതോടെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എം.പിമാര്‍ ഇറങ്ങിപ്പോക്ക് നടത്തി. കുറെ നേരത്തിനുശേഷം തിരിച്ചത്തെി നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Tags:    
News Summary - e ahamed death report kerala mps protest against central govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.